പത്തനംതിട്ടയിൽ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ കൃഷ്ണ മോഹനനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതിഷേധം കടുക്കുന്നു. വാർത്താ റിപ്പോർട്ടിംഗിന്റെ പേരിൽ മാധ്യമപ്രവർത്തകരെ വ്യക്തിഹത്യ ചെയ്യാനും വേട്ടയാടാനുമുള്ള നീക്കം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ അറിയിച്ചു. കുറ്റക്കാർക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് യൂണിയൻ പരാതി നൽകി.
തെരഞ്ഞെടുപ്പ് കാലത്തെ വാർത്താ റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് പത്തനംതിട്ട റിപ്പോർട്ടർ കൃഷ്ണ മോഹനനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ സൈബർ ആക്രമണം ആരംഭിച്ചത്. വ്യാജ പ്രചാരണങ്ങളിലൂടെ മാധ്യമപ്രവർത്തകനെ കായികമായി ആക്രമിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്. ഇത് റിപ്പോർട്ടറുടെ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ സാഹചര്യമാണെന്ന് പത്രപ്രവർത്തക യൂണിയൻ ചൂണ്ടിക്കാട്ടുന്നു.
കൃഷ്ണ മോഹൻ പത്തനംതിട്ട സൈബർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഉടൻ നടപടി വേണമെന്നും, ഇലക്ഷൻ റിപ്പോർട്ടിംഗിനായി എത്തുന്ന മാധ്യമപ്രവർത്തകർക്ക് പൂർണ്ണ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് KUWJ ജില്ലാ കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്ക് കത്തു നൽകി.
ഇത്തരം സൈബർ ഗുണ്ടായിസങ്ങൾ മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ബിജു കുര്യനും സെക്രട്ടറി ജി. വിശാഖനും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. നിയമനടപടികളുമായി യൂണിയൻ ശക്തമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.
Pathanamthitta

