കോയിപ്രം : ജില്ലയിൽ പകർച്ചവ്യാധികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി 'പകർച്ചവ്യാധി, ഒരുമിച്ച് പ്രതിരോധിക്കാം' എന്ന പേരിൽ കോയിപ്രം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിൽ സമൂഹത്തിന് കരുതലായി മാറാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിനാമ്മ റോയ് പറഞ്ഞു.
ജില്ലാ ഭരണകൂടവും ശുചിത്വ മിഷനും സംയുക്തമായാണ് കോയിപ്രം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ഈപ്പൻ മുഖ്യാതിഥിയായിരുന്നു. പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി ശ്രീനാദേവി കുഞ്ഞമ്മ വിദ്യാർത്ഥികൾക്ക് ശുചിത്വ സന്ദേശം നൽകി.
തുടർന്ന് വിദ്യാർത്ഥികൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിസര ശുചിത്വം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത, രോഗങ്ങൾ പകരുന്ന രീതികൾ, ശരിയായ രീതിയിൽ കൈകൾ കഴുകേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ സനൂപ് ക്ലാസുകൾ നയിച്ചു.ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വിനീത് കെ.എം സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.കെ സോമൻ, വിജയകുമാർ സി.എൻ, റെനി സൂസൻ മാത്യു, കോയിപ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ ആർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല മാത്യൂസ്, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Pathanamthitta
