80 അടിയോളം ഉയരമുള്ള മരത്തിൽ കുടുങ്ങിയ ഇതര സംസ്ഥാനക്കാരനായ മരംവെട്ട് തൊഴിലാളിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന.
തിരുവല്ല: 80 അടിയോളം ഉയരമുള്ള മരത്തിൽ കുടുങ്ങിയ ഇതര സംസ്ഥാനക്കാരനായ മരംവെട്ട് തൊഴിലാളിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന. പശ്ചിമബംഗാൾ സ്വദേശിയായ റബീഉലി(20)നാണ് തിരുവല്ലയിലെ അഗ്നിശമനസേന രക്ഷകരായത്.
തിരുവല്ല വെൺപാല തൈപ്പറമ്പിൽ വീട്ടിൽ കുരുവിളയുടെ പുരയിടത്തിലെ ആഞ്ഞിലി മരം വെട്ടാൻ ഇതര സംസ്ഥാനക്കാരായ മറ്റ് മൂന്നുപേർക്ക് ഒപ്പം എത്തിയതായിരുന്നു റബീഉൽ. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. മെഷീൻ ഉപയോഗിച്ച് മുറിച്ചുമാറ്റുന്നതിനിടെ മരത്തിൻറെ ശിഖരങ്ങളിലൊന്ന് മുഖത്ത് കൊണ്ട് പരിക്കേറ്റു. തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതിനിടെ മഴ പെയ്യുകയും ചെയ്തതോടെ മരത്തിൽനിന്ന് താഴെയിറങ്ങാൻ ശ്രമിച്ചപ്പോൾ വഴുക്കൽ മൂലം സാധിച്ചില്ല. തുടർന്ന് തിരുവല്ല അഗ്നി രക്ഷാ നിലയത്തിൽ വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരിൽ ഒരാൾ മരത്തിൽ കയറിയ ശേഷം വല ഉപയോഗിച്ച് താഴെ എത്തിക്കുകയായിരുന്നു. മുഖത്ത് പരിക്കേറ്റ റബീഉലിനെ ആംബുലൻസിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ സ്റ്റേഷൻ ഓഫിസർ ശംഭു നമ്പൂതിരി, അസി. സ്റ്റേഷൻ ഓഫിസർ കെ.എസ്. അജിത്ത്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ടി.എസ്. അജിത് കുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ശശികുമാർ, ഡ്രൈവർമാരായ എഫ്.ടി. ഷിബു, ജോട്ടി പി. ജോസഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ജയൻ മാത്യു, രഞ്ജിത് കുമാർ, സണ്ണി, വിപിൻ, ഹരികൃഷ്ണൻ, ഹോം ഗാർഡുമാരായ കെ.പി. ഷാജി, എസ്. അനിൽകുമാർ, സജിമോൻ എന്നിവർ അടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
fire-rescue-team-saved-man-who-got-stuck-in-tree