കോഴഞ്ചേരി പാലത്തിന്റെ നടപ്പാതയിൽ കൂടി നടക്കുന്നവർ സൂക്ഷിക്കുക...നടപ്പാതയിൽ ഏത് സമയവും വൈദ്യുതാഘാതമേൽക്കാം
കോഴഞ്ചേരി : വലിയപാലത്തിന്റെ നടപ്പാതയിൽ കൂടി നടക്കുന്നവർ നടപ്പാലത്തിന്റെ കൈവരിയിൽ കൈവച്ചാൽ വൈദ്യുതാഘാതം ഏത് സമയത്തും ഏൽക്കാവുന്ന സ്ഥിതിയാണ്. വ്യാഴാഴ്ച മൂന്നുമണിയോടെ നെടുംപ്രയാർ ഭാഗത്തുനിന്ന് നടപ്പാത വഴിവന്ന രണ്ട് പെൺകുട്ടികൾക്കാണ് ചെറിയതോതിൽ വൈദ്യുതാഘാതമേറ്റത്. നടന്ന് വരുംവഴി കോഴഞ്ചേരി ടൗണിലേക്ക് ഇറങ്ങുന്ന സ്ഥലത്തുള്ള കൈവരിയിൽ പിടിച്ചപ്പോഴാണ് ആഘാതമേറ്റത്.
ഈ ഭാഗത്തെ വൈദ്യുതലൈനിൽ കാട് പടർന്ന് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ടച്ചിങ് വെട്ട് ജോലികൾക്കായി സ്ഥിരമായി വൈദ്യുതമുടക്കം നടത്തുന്ന വൈദ്യുതിബോർഡ് ഈ പടർപ്പുകൾ വെട്ടിമാറ്റുവാനോ വൈദ്യുതകമ്പികളിൽ തകരാർ പരിശോധിക്കാനോ തയ്യാറാകുന്നില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് പെൺകുട്ടികൾക്ക് വൈദ്യുതാഘാതമേറ്റത്.
കുട്ടികൾ ടൗണിലെത്തി കോഴഞ്ചേരി പൗരാവലി സെക്രട്ടറി ഷാജി കുഴിവേലിയോട് ഇത് അറിയച്ചിതിനെ തുടർന്ന് ഷാജി വൈദ്യുതി ഓഫീസിൽ വിവരം അറിയിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥൻ പടർപ്പിന്റെ ഒരുഭാഗം മുറിച്ച് മാറ്റി ലീക്കുള്ള ഭാഗം ഇൻസുലേഷൻ ചുറ്റി മടങ്ങിപ്പോയി.
ഒരുനിയന്ത്രണവുമില്ലാതെ പാലത്തിന് മുകളിൽ വൈദ്യുതികമ്പികൾ പിണഞ്ഞ് കിടക്കുന്നതും പടർന്ന് നിൽക്കുന്ന പടർപ്പുകൾ നീക്കാതെയും ജോലി വഴിപാടാക്കി ഉദ്യോഗസ്ഥർ മടങ്ങിപ്പോകുകയായിരുന്നുവെന്ന് ഷാജി കുഴിവേലിൽ പറഞ്ഞു.
kozhencherry bridge