കോയിപ്രം ബ്ലോക്ക് ഓഫീസിനുമുൻപിൽ ജില്ലാ പഞ്ചായത്ത് പണികഴിപ്പിച്ച കുടുംബശ്രീ കഫേ ഷോപ്പ് ഏറ്റെടുത്തുനടത്താൻ ആളില്ലാത്തതിനാൽ വർഷങ്ങളായി പൂട്ടിയനിലയിൽ.
പുല്ലാട് : കോയിപ്രം ബ്ലോക്ക് ഓഫീസിനുമുൻപിൽ ജില്ലാ പഞ്ചായത്ത് പണികഴിപ്പിച്ച കുടുംബശ്രീ കഫേ ഷോപ്പ് ഏറ്റെടുത്തുനടത്താൻ ആളില്ലാത്തതിനാൽ വർഷങ്ങളായി പൂട്ടിയനിലയിൽ. 2020-ൽ ഉദ്ഘാടനം ചെയ്തതാണ് കഫേ. ആദ്യം ആറുമാസം നല്ലരീതിയിൽ പ്രവർത്തിച്ചെങ്കിലും പിന്നീട് മുടങ്ങി. വീണ്ടും പ്രവർത്തനം തുടങ്ങിയെങ്കിലും താമസിയാതെ പൂട്ടുവീണു. കോയിപ്രം, തോട്ടപ്പുഴശ്ശേരി കുടുംബശ്രീ യൂണിറ്റുകൾക്ക് പദ്ധതി ഏറ്റെടുത്തുനടത്താൻ താത്പര്യമില്ല. മിനി അടുക്കള ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും കെട്ടിടത്തിലുണ്ട്. പുല്ലാട് ജങ്ഷനിൽനിന്ന് ഉള്ളിൽ ആയതിനാൽ സാമ്പത്തികലാഭം ഇല്ലാത്തതിനാലാണ് കഫേയുടെ പ്രവർത്തനം നിലച്ചത്.
ബ്ലോക്ക് ഓഫീസിലെ ജീവനക്കാർക്കും ഓഫീസിൽ എത്തുന്നവർക്കുമായി മാത്രം കഫേ നടത്തിയാൽ സാമ്പത്തികമായി നഷ്ടമുണ്ടാകും. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ കെട്ടിടത്തിൽ മൃഗാശുപത്രിയിലേക്കുള്ള വഴിയുടെ സമീപം ചെറിയൊരു കഫേ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീ യൂണിറ്റുകൾക്ക് വേണ്ടി നിർമിച്ചതിനാൽ മറ്റുള്ളവർക്ക് പ്രവർത്തനാനുമതി നൽകാനും കഴിയില്ല.
kudumbasree cafe shop