52 വർഷത്തിനു ശേഷം അയ്യപ്പ ദർശനത്തിന് എത്തുന്ന രാഷ്ട്രപതി ; ദ്രൗപതി മുർമു
തിരുവനന്തപുരം / ശബരിമല ∙ അയ്യപ്പ ദർശനത്തിന് 52 വർഷത്തിനു ശേഷം എത്തുന്ന രാഷ്ട്രപതിയാണ് ദ്രൗപതി മുർമു. ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി എന്ന പ്രത്യേകതയും ഉണ്ട്. 1973 ഏപ്രിൽ 10നാണ് അന്നത്തെ രാഷ്ട്രപതി വി.വി.ഗിരി ദർശനത്തിന് എത്തിയത്.
എന്നാൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ആചാരപ്രകാരം പൂർണ കുംഭം നൽകിയാണ് സ്വീകരിക്കുക. പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിൽ എത്തുമ്പോൾ ദേവസ്വം ബോർഡ് ആചാരപരമായ സ്വീകരണമാണു നൽകുക. തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി വരവേൽക്കും.1962ൽ കേരള ഗവർണർ ആയിരിക്കുമ്പോഴും വി.വി.ഗിരിയും ഭാര്യ സരസ്വതി ഗിരിയും ദർശനത്തിന് എത്തിയിട്ടുണ്ട്. അന്ന് ഗിരിയെ ചൂരൽ കസേരയിൽ എടുത്താണ് അന്ന് കൊണ്ടുപോയത്. ഇതാണ് പിന്നീട് ശബരിമലയിലെ ഡോളി സർവീസായി മാറിയത്.
അയ്യപ്പ ദർശനത്തിനു ശേഷം വൈകിട്ടു തലസ്ഥാനത്തെ ഹോട്ടലിൽ രാഷ്ട്രപതിയുടെ ബഹുമാനാർഥം ഗവർണർ ഒരുക്കുന്ന അത്താഴ വിരുന്നിലേക്കു മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ കേന്ദ്രമന്ത്രിമാരും പൗരപ്രമുഖരും ഉൾപ്പെടെ നൂറ്റൻപതോളം പേർക്കു ക്ഷണമുണ്ട്.
23ന് ഉച്ചയ്ക്ക് 12.50നു ശിവഗിരി മഹാസമാധിയിലെത്തും. പുഷ്പാർച്ചനയ്ക്കും പ്രാർഥനയ്ക്കും ശേഷം, ശ്രീനാരായണ ഗുരുദേവ സമാധി ശതാബ്ദി ആചരണത്തിന്റെ 3 വർഷം നീളുന്ന പരിപാടികൾ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗവർണർ രാജേന്ദ്ര ആർലേക്കർ, മന്ത്രിമാരായ വി.എൻ.വാസവൻ, വി.ശിവൻകുട്ടി എന്നിവർ പങ്കെടുക്കും. 3 മണിയോടെ ശിവഗിരിയിൽ നിന്നു മടങ്ങും. രാഷ്ട്രപതി എത്തുന്ന വേളയിൽ പുറമേ നിന്ന്, ആർക്കും മഠത്തിലേക്കു പ്രവേശനമില്ല. 3.50നു പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലെത്തുന്ന രാഷ്ട്രപതി, 4.15നു കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യും. 5.10നു ഹെലികോപ്റ്ററിൽ കോട്ടയത്തേക്ക്. 6.20നു കുമരകം താജ് റിസോർട്ടിലെത്തി അവിടെ താമസിക്കും.
24നു രാവിലെ 11നു കോട്ടയത്തുനിന്നു ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക്. 11.35 നു കൊച്ചി നാവിക വിമാനത്താവളത്തിൽ സ്വീകരണം. റോഡ് മാർഗം 12ന് എറണാകുളം സെന്റ് തെരേസാസ് കോളജിലെത്തി, കോളജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും. 1.10നു ബോൾഗാട്ടി പാലസിൽ ഉച്ചഭക്ഷണവും വിശ്രമവും. വൈകിട്ട് 3.45നു നാവികസേനാ വിമാനത്താവളത്തിൽനിന്നു ഹെലികോപ്റ്ററിൽ കൊച്ചി രാജ്യാന്തരവിമാനത്താവളത്തിലെത്തി, 4.15നു ഡൽഹിക്കു മടങ്ങും.
president og=f india