പന്തളം ബൈപാസിന്റെ സർവെ നടപടികൾ പുനരാരംഭിച്ചു. ജില്ല കലക്ടർ വിളിച്ചുചേർത്ത യോഗതീരുമാനമനുസരിച്ചാണ് അടിയന്തരമായി സർവേ നടപടികളാരംഭിച്ചത്
പന്തളം: പന്തളം ബൈപാസിന്റെ സർവെ നടപടികൾ പുനരാരംഭിച്ചു. ജില്ല കലക്ടർ വിളിച്ചുചേർത്ത യോഗതീരുമാനമനുസരിച്ചാണ് അടിയന്തരമായി സർവേ നടപടികളാരംഭിച്ചത്. ബൈപാസ് കടന്നുപോകുന്ന സ്ഥലത്തെ മുപ്പതോളം സ്ഥലം ഉടമകൾക്ക് സർവേക്ക് മുന്നോടിയായുള്ള നോട്ടീസ് നൽകി. രണ്ടാഴ്ചയ്ക്കകം സർവേ നടപടികൾ പൂർത്തികരിക്കാനാണ് തീരുമാനം. രണ്ട് സർവെയർമാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. റോഡുപണിക്ക് ഭൂമി ഏറ്റെടുക്കേണ്ടതിനുള്ള നടപടികൾക്കായി തിരുവല്ലയിൽ പ്രവർത്തിക്കുന്ന പ്രത്യേക ഓഫീസ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരുന്നു.
ഇനിയുള്ളത് സർവേ നടപടികളാണ്. കുറച്ചുഭാഗം സർവേ നടത്തിയെങ്കിലും ബൈപ്പാസ് കടന്നുപോകുന്ന ഭാഗം അധികവും വെള്ളക്കെട്ടുള്ള സ്ഥലമായതിനാലും കാടുമൂടിയ സ്ഥലമായതിനാലും ഈ ഭാഗത്ത് സർവേ നടത്താൻ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. സർവെ പൂർത്തിയാക്കിയശേഷം സ്ഥലത്തിന്റെ വില നിശ്ചയിക്കൽ, വീട് നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ എന്നിവയാണ് അടുത്ത ഘട്ടം.
ബൈപ്പാസിന്റെ പഴയ അലൈൻമെന്റ് മാറ്റിയപ്പോൾ മന്നം ഷുഗർമിൽസ് ഭാഗത്ത് ചിലരുടെ വീട് നഷ്ടപ്പെടുന്നതായി കാണുന്നുണ്ടെന്നും ഇതിന് മാറ്റം വരുത്തണമെന്നും നഗരസഭാ കൗൺസിലർ രശ്മി രാജീവ് ആവശ്യപ്പെട്ടിട്ടുണ്ട്. പാടത്തിന് നടുവിലൂടെ റോഡ് കടന്നുപോകുന്ന ഭാഗം മണ്ണിട്ട് നികത്തുന്നതിന് പകരം മേൽപ്പാലം വേണമെന്ന് ആവശ്യവും പരിഗണിച്ചിട്ടില്ലെന്ന് കൗൺസിലർ പറഞ്ഞു. പത്ത് വർഷം മുമ്പ് തുടങ്ങിയ പന്തളം ബൈപ്പാസിന്റെ നടപടികളാണ് ഇപ്പോഴും മന്ദഗതിയിൽ നീങ്ങുന്നത്.
pandalam-bypass-survey-process-resumed
