സ്റ്റേഷനുകളിൽ ആവശ്യത്തിന് പൊലീസ് ഇല്ല: മോഷണം വർധിക്കുന്നു :നാട്ടുകാർ ആശങ്കയിൽ.
വള്ളംകുളം ∙ പ്രദേശത്ത് മോഷണങ്ങൾ വർധിക്കുന്നതിൽ നാട്ടുകാർ ആശങ്കയിൽ. പൊലീസിൽ പരാതി നൽകിയിട്ടും കാര്യമായ നടപടിയില്ലെന്നു നാട്ടുകാർ. പ്ലാംകൂട്ടത്തിൽ പടിയിലാണ് ആദ്യ മോഷണം നടന്നത്. കഴിഞ്ഞ മാസം 26 ന് രാത്രി 12 മണിയോടെ ബൈക്ക് മോഷണം പോയി. തമിഴ്നാട്ടുകാർ വാടകയ്ക്ക് താമസിക്കുന്നതിനു സമീപമാണ് സംഭവം. പൊലീസിൽ അറിയിച്ചെങ്കിലും ഒരാഴ്ച കഴിഞ്ഞാണ് അന്വേഷണത്തിനെത്തിയത്. ഈ മാസം 11ന് ഇതിനടുത്തു നിന്ന് ആക്രിസാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന കടയിൽ നിന്ന് 50000 രൂപയോളം വില വരുന്ന സാധനങ്ങൾ മോഷണം പോയി. മോഷണ സാധനങ്ങൾ നാട്ടുകാർ മറ്റൊരു കടയിൽ അടുത്ത ദിവസം കണ്ടെത്തി പൊലീസിൽ അറിയിച്ചു. പൊലീസ് മോഷണ സാധനം കണ്ടെത്തിയ കടയിൽ എത്തിയെങ്കിലും മോഷണം നടന്ന സ്ഥലത്ത് എത്തിയില്ലെന്നു നാട്ടുകാർ പറഞ്ഞു.
വീണ്ടും 15ന് നെല്ലാട് വർക്ക് ഷോപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമം നടന്നു. ഇവിടെയുള്ള സിസിടിവി ക്യാമറയിൽ 2 കൗമാരക്കാരുടെ ദൃശ്യം പതിയുകയും ചെയ്തിട്ടുണ്ട്. ഈ വിവരവും പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യം എടുത്ത് പ്രദേശത്തെ വാട്സ് ആപ് ഗ്രൂപ്പുകളിൽ ഇട്ട് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
ഞായർ രാത്രി 2 മണിയോടെ കല്ലൂത്രപടിക്കു സമീപം വീട്ടിലെത്തി ജനലിൽ അടിച്ചു ബഹളം ഉണ്ടാക്കിയെങ്കിലും വീട്ടുകാർ ഉണർന്നതറിഞ്ഞ് സ്ഥലം വിട്ടു. പ്രദേശത്ത് മോഷ്ടാക്കൾ വിഹരിക്കുന്നതിൽ ഭയാശങ്കയിലാണ് നാട്ടുകാർ. തിരുവല്ല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വള്ളംകുളം. പൊലീസിന്റെ ശ്രദ്ധ ഈ ഭാഗത്തേക്ക് കാര്യമായി എത്തുന്നില്ലെന്നതാണ് കാരണം. മോഷണവും മോഷണ ശ്രമവും വർധിക്കുമ്പോൾ കാര്യമായ അന്വേഷണം നടന്നില്ലെങ്കിൽ ഇവിടം മോഷ്ടാക്കളുടെ കേന്ദ്രമായി മാറും.
ഇരവിപേരൂരിൽ പൊലീസ് സ്റ്റേഷൻ തുടങ്ങണമെന്ന ആവശ്യം വകുപ്പ് തന്നെ സർക്കാരിനോട് നിർദേശിച്ചിരുന്നതാണ്. ഇക്കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. തിരുവല്ല പൊലീസ് സ്റ്റേഷനിൽ ആവശ്യത്തിനു പൊലീസുകാരില്ലെന്ന പ്രശ്നവുമുണ്ട്. ശബരിമല തീർഥാടന കാലം തുടങ്ങിയതോടെ അവിടത്തെ ജോലിക്കു പൊലീസുകാർ പോകേണ്ടി വന്നിട്ടുണ്ട്. ഇതിനിടയ്ക്ക് തിരഞ്ഞെടുപ്പു കൂടി വന്നതോടെ ഗ്രാമപ്രദേശങ്ങളിൽ പൊലീസിന് കാര്യമായി ശ്രദ്ധിക്കാൻ പറ്റുന്നില്ല.
vallamkulam-thefts-increase-lack-police-action-residents-concerned
