കാരുണ്യത്തിൻ്റെ തണലൊരുക്കി 'പാപ്പാ സ്വപ്നഭവനം'; താക്കോൽദാനം കോന്നി എം.എൽ.എ അഡ്വ. കെ.യു. ജനീഷ് കുമാർ നിർവ്വഹിച്ചു
കോന്നി: ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (പാപ്പാ) നിർമ്മിച്ചു നൽകുന്ന 'സ്വപ്നഭവനം 2025' പദ്ധതിയുടെ താക്കോൽദാനം ഇന്ന് നടന്നു . കോന്നി മെഡിക്കൽ കോളേജിന് സമീപം നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം രാവിലെ കോന്നി എം.എൽ.എ അഡ്വ. കെ.യു. ജനീഷ് കുമാർ നിർവ്വഹിച്ചു
ബഹ്‌റൈനിൽ ഗാർഹിക ജോലിക്കാരിയായി ജോലി ചെയ്യുന്ന, അസോസിയേഷൻ തിരഞ്ഞെടുത്ത നിർദ്ധനയായ ഒരു പ്രവാസി സഹോദരിക്കാണ് സംഘടന ഈ വീട് നിർമ്മിച്ച് നൽകുന്നത്. പ്രവാസ ലോകത്തെ കാരുണ്യമുള്ള മനസ്സുകളുടെ സഹായത്തോടെയാണ് ഈ സ്വപ്നഭവനം യാഥാർത്ഥ്യമായത്.
താക്കോൽദാന ചടങ്ങിൽ പങ്കെടുക്കുന്നതിനായി അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി., ജനറൽ സെക്രട്ടറി സുനു കുരുവിള എന്നിവർ ഉൾപ്പെടെയുള്ള ഭാരവാഹികൾ ബഹ്‌റൈനിൽ നിന്നും നാട്ടിലെത്തി. അസോസിയേഷൻ്റെ മറ്റ് ഭാരവാഹികളും നാട്ടിലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരിന്നു
ബഹ്‌റൈനിലെ പ്രവാസികൾക്കിടയിൽ സജീവമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് 'പാപ്പാ സ്വപ്നഭവനം'. സ്വന്തമായി ഒരു വീടെന്ന സഹപ്രവർത്തകയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് അസോസിയേഷൻ പ്രവർത്തകർ.
pappa swapnabhavanam
