മണിമലയാറ്റിലെ മണൽപ്പുറ്റ് നീക്കം ചെയ്യുന്നതിന്റെ മറവിൽ മണൽ കൊള്ളയെന്ന പരാതിയിൽ റവന്യൂവകുപ്പ് ഇടപെടൽ
തിരുവല്ല: മണിമലയാറ്റിലെ മണൽപ്പുറ്റ് നീക്കം ചെയ്യുന്നതിന്റെ മറവിൽ മണൽ കൊള്ളയെന്ന പരാതിയിൽ റവന്യൂവകുപ്പ് ഇടപെടൽ. എം.സി റോഡിൽ കുറ്റൂർ തൊണ്ടറ പാലത്തിന് സമീപം മണൽ നീക്കം ചെയ്യുന്ന ഭാഗം തഹസിൽദാർ ജോബിൻ കെ ജോർജ്, ഡെപ്യൂട്ടി തഹസിൽദാർ പി ബിജുമോൻ എന്നിവരടങ്ങുന്ന സംഘം സന്ദർശിച്ചു.
മണലൂറ്റ് സംബന്ധിച്ച ‘മാധ്യമം’ വാർത്തയെ തുടർന്നാണ് ഉദ്യോഗ സംഘത്തിന്‍റെ സന്ദർശനം. കുറ്റൂർ തോണ്ടറ പാലത്തിന് സമീപം നദിയുടെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ദ്വീപിനു സമാനമായ മണൽപ്പുറ്റ് നീക്കം ചെയ്യാൻ കരാർ എടുത്ത കമ്പനിയാണ് വ്യാപകമായി മണലൂറ്റുന്നത്.
മണൽപ്പുറ്റിനോടു ചേർന്ന 580 മീറ്റർ ഭാഗത്തെ 17000 എം ക്യൂബ് മണൽ നീക്കം നീക്കം ചെയ്യുന്നതിനാണ് സ്വകാര്യ കമ്പനിക്ക് മൈനർ ഇറിഗേഷൻ വകുപ്പ് അനുമതി നൽകിയിരുന്നത്. എന്നാൽ മണൽപ്പുറ്റ് നീക്കം ചെയ്യുന്നതിന്റെ മറവിൽ ഒന്നര കിലോമീറ്റർ ഓളം ദൂരത്തിൽ ഡ്രഡ്ജറുകളും ജെറ്റ് പമ്പും ഉപയോഗിച്ച് പി.വി.സി പൈപ്പ് ലൈൻ സ്ഥാപിച്ചാണ് ഒരു മാസമായി ആറ്റുമണൽ കടത്തുന്നത്. പ്രതിദിനം 50ലധികം ലോഡ് മണ്ണ് കടത്തുന്നതായാണ് നാട്ടുകാർ പറയുന്നത്.
ഇതിന് ഭരണകക്ഷിയിലെ ചില നേതാക്കളുടെയും റവന്യൂ - ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഒത്താശ ഉണ്ടെന്നും ആരോപണം ഉയർന്നിരുന്നു. സ്ഥലത്ത് എത്തിയ തഹസിൽദാറും സംഘവും കരാറുകാരന്റെ കൈവശം ഉണ്ടായിരുന്ന രേഖകൾ പരിശോധിച്ചു. നാട്ടുകാരിൽനിന്ന് തഹസിൽദാർ പരാതികൾ നേരിട്ട് കേട്ടു. അനുവദനീയ അളവിൽ കൂടുതലോ അനുവദിക്കപ്പെട്ട ദൂരത്തിൽ കൂടുതൽ ഭാഗത്തുനിന്നോ മണൽ നീക്കം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മൈനർ ഇറിഗേഷൻ സൂപ്രണ്ടിങ് ഓഫിസർക്ക് രേഖാമൂലം അറിയിപ്പ് നൽകിയതായി തഹസിൽദാർ പറഞ്ഞു.
land-grabbing-revenue-department-intervenes
