റാന്നിയിൽ തെരുവുവിളക്കുകളുണ്ട് എന്നാൽ കത്താറില്ല
റാന്നി: സംസ്ഥാനപാതയിൽ മനോഹരമായ തെരുവുവിളക്കുകളുണ്ട്. മാസത്തിലൊരിക്കലോ വല്ലോം തെളിഞ്ഞാലായി. റാന്നി തോട്ടമൺ മുതൽ ബ്ലോക്കുപടി വരെയുള്ള ഭാഗത്തെ അവസ്ഥയാണിത്. വൈക്കം കുത്തുകല്ലുങ്കൽപടി മുതൽ മന്ദിരംപടിക്ക് സമീപംവരെ റോഡിൽ ലൈറ്റുകളേയില്ല. ഈ ഭാഗത്ത് വൈദ്യുതിലൈനുകൾ വലിച്ചില്ല. റാന്നി വലിയപാലവും സന്ധ്യ മയങ്ങിയാൽ ഇരുട്ടിലാണ്. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാത നവീകരണ ഭാഗമായാണ് പാതയരികിൽ സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചത്. സ്ഥാപിച്ചിട്ട് രണ്ടുവർഷത്തോളമായി. അതിന് ശേഷം മാസങ്ങളോളം ഇതു കത്തിയിട്ടേയില്ല. നാട്ടുകാരുടെ പരാതിയെത്തുടർന്ന് നന്നാക്കിയെങ്കിലും തുടർച്ചയായി കത്തിയത് ചുരുക്കം ദിവസങ്ങൾ മാത്രം. കെ.എസ്.ടി.പി.ക്കായിരുന്നു റോഡ് നവീകരണ ചുമതല.
പാത നവീകരണ ഭാഗമായി കുത്തുകല്ലുങ്കൽ പടി മുതൽ മന്ദിരംപടിക്ക് സമീപംവരെ റോഡിലെ വളവ് നിവർത്തി പുതിയ വഴിയാണ് നിർമിച്ചത്. ഇതുവഴി വൈദ്യുതി ലൈൻ വലിച്ചില്ല. അതിനാൽ ഇത്രയും ദൂരത്ത് സ്ട്രീറ്റ് ലൈറ്റില്ല. മന്ദിരം, ബ്ലോക്കുപടി ഭാഗങ്ങളിൽനിന്ന് ഒട്ടേറെ ഭക്തരാണ് വൈകീട്ട് നടന്ന് റാന്നി തോട്ടമൺകാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നത്. ദീപാരാധന കഴിയുമ്പോഴേക്കും ഇരുട്ടാകും. തെരുവുനായ്‌ക്കളെ ഭയന്നാണ് ജനങ്ങൾ റോഡിലൂടെ നടക്കുന്നത്.
റാന്നി വലിയ പാലത്തിലും ഏറെക്കാലമായി വഴിവിളക്കുകൾ കത്തുന്നില്ല. 2009-ൽ നഗരവത്‌കരണ പരിപാടിയുടെ ഭാഗമായി പഴവങ്ങാടി പഞ്ചായത്ത് പരസ്യക്കാരുടെ സഹകരണത്തോടെ വഴിവിളക്കുകൾ സ്ഥാപിച്ചിരുന്നു. പിന്നീട് ഇവയെല്ലാം പ്രവർത്തനരഹിതമായി.
There are street lights in Ranni, but they do not glow
