കത്താൻ തുടങ്ങിയ പിക്കപ്പിൽ നിന്ന് ഇരുന്നൂറോളം താറാവുകളെ രക്ഷിച്ച് പോലീസുകാരനും സുഹൃത്തും
പത്തനംതിട്ട : തീപിടിച്ച പിക്കപ്പിൽ വെന്തുരുകേണ്ടിയിരുന്ന ഇരുന്നൂറോളം താറാവുകളെ രക്ഷിച്ച് പോലീസുകാരനും സുഹൃത്തും. മണ്ണാറക്കുളഞ്ഞിക്കും ഉതിമൂടിനും ഇടയിലുള്ള വെളിവയലിൽ ഞായറാഴ്ചയാണ് സംഭവം. തെങ്കാശിയിൽനിന്ന് എറണാകുളത്തേക്ക് താറാവുകളുമായി പോകുകയായിരുന്ന പിക്കപ്പിന്റെ എൻജിനിൽനിന്ന് പുകയുയർന്നു. എന്തുചെയ്യണമെന്നറിയാതെ തമിഴ്നാട് സ്വദേശികളായ ഡ്രൈവറും കൂട്ടാളിയും പുറത്തിറങ്ങി നിൽക്കുമ്പോഴാണ് റാന്നി സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ബിനീഷും സുഹൃത്ത് ഉതിമൂട് തുണ്ടുമണ്ണിൽ ബിനു തോമസും അതുവഴി എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ഇരുവരും.
പിക്കപ്പ് കത്താൻ തുടങ്ങുന്നത് കണ്ട ഇവർ അതുവഴി പോയ പല വാഹനങ്ങളിൽനിന്ന് ബക്കറ്റും മറ്റും സംഘടിപ്പിച്ച് സമീപത്തെ തോട്ടിൽനിന്ന് വെള്ളമെടുത്ത് പിക്കപ്പിൽ ഒഴിച്ച് തീകെടുത്തി. അഗ്നിരക്ഷാസേനയിൽ വിവരം അറിയിച്ചതിനെത്തുടർന്ന് എസ്.എഫ്.ആർ.ഒ. ടി. നൗഷാദിന്റെ നേതൃത്വത്തിൽ 1.20-ഓടെ അവരുമെത്തി. അപ്പോഴേക്ക് തീ അണഞ്ഞിരുന്നു. എങ്കിലും സുരക്ഷ ഉറപ്പാക്കാനായി അഗ്നിരക്ഷാസേനാംഗങ്ങളും വെള്ളം ഒഴിച്ചു. മലയാലപ്പുഴ പോലീസും സ്ഥലത്തെത്തി. വാഹനം പൂർണമായി കത്തുമായിരുന്ന അപകടമാണ് ബിനുവിന്റെയും ബിനീഷിന്റെയും ഇടപെടലിലൂടെ ഒഴിവായത്.
A policeman and his friend rescued around 200 ducks from a pickup truck that had caught fire
