പത്തനംതിട്ട : മാട്രിമോണിയൽ സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് സ്ത്രീകളെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത പ്രതി പത്തനംതിട്ടയിൽ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം സ്വദേശി അൻസാറാണ് പത്തനംതിട്ട സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് സുമുഖരായ യുവാക്കളുടെ ചിത്രങ്ങൾ ശേഖരിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ് ..
മാട്രിമോണി സൈറ്റുകളെ തട്ടിപ്പിനുള്ള താവളമാക്കിയ പാലക്കാട് ഒറ്റപ്പാലം വീരമംഗലം സ്വദേശി കൂരിക്കാട്ടിൽ വീട്ടിൽ 40 വയസുകാരനായ അൻസാറാണ് ഇപ്പോൾ പോലീസിന്റെ അഴിക്കുള്ളിലായിരിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ ഒരു യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക അന്വേഷണത്തിലാണ് സൈബർ പോലീസ് പ്രതിയെ പൊക്കിയത്.
സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് സുമുഖരായ ചെറുപ്പക്കാരുടെ ആകർഷകമായ ഫോട്ടോകൾ മോഷ്ടിച്ചാണ് അൻസാർ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ചിരുന്നത്. ഈ ചിത്രങ്ങൾ ഉപയോഗിച്ച് വിവിധ മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നൽകും. തുടർന്ന് ഇതിൽ ആകൃഷ്ടരായി എത്തുന്ന സ്ത്രീകളെ ഫോൺ വഴിയും സോഷ്യൽ മീഡിയ വഴിയും ബന്ധപ്പെട്ട് വിശ്വസിപ്പിക്കുകയും, പിന്നീട് പല കാരണങ്ങൾ പറഞ്ഞ് വൻ തുകകൾ കൈക്കലാക്കുകയുമായിരുന്നു ഇയാളുടെ രീതി..
പ്രതി ഉപയോഗിച്ച മൊബൈൽ നമ്പറുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ഒടുവിൽ അൻസാറിലേക്ക് എത്തിയത്. ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ ഐപിഎസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പത്തനംതിട്ട സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് പി, എസ്ഐ നിഥിൻ ആർ, എഎസ്ഐ സുരേഷ് വി സി, സിപിഒ അരുൺ ആർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്..
നേരത്തെ മലപ്പുറം, മഞ്ചേരി പോലീസ് സ്റ്റേഷനുകളിലും സമാനമായ രീതിയിൽ സ്ത്രീകളെ പറ്റിച്ച് പണം തട്ടിയതിന് അൻസാർ അറസ്റ്റിലായിട്ടുണ്ട്. പ്രതിയെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാട്രിമോണി സൈറ്റുകൾ വഴി വരുന്ന ആലോചനകളിൽ ജാഗ്രത പുലർത്തണമെന്ന് പോലീസ് അറിയിച്ചു
matrimony-sites-pathanamthitta
