കാപ്പാ കേസ് പ്രതികളുമായും കൊടുംകുറ്റവാളികളുമായും ബന്ധം; തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
പത്തനംതിട്ട: ഗുരുതരമായ അച്ചടക്കലംഘനത്തെയും ഗുണ്ടാബന്ധത്തെയും തുടർന്ന് തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സിപിഒ നിഷാന്ത് പി. ചന്ദ്രനെതിരെയാണ് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് കർശന നടപടിയെടുത്തത്.
കേരള പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയായ സിപിഒ നിഷാന്ത് പി. ചന്ദ്രനെയാണ് സർവീസിൽ നിന്നും പുറത്താക്കിയത്. തിരുവല്ല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യവേ കാപ്പാ കേസ് പ്രതികളുമായും കൊടുംകുറ്റവാളികളുമായും ഇയാൾ നിരന്തരം ബന്ധം പുലർത്തിയിരുന്നതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തിരുവല്ല സ്റ്റേഷനിൽ 21 കേസുകളിൽ പ്രതിയും കാപ്പാ പ്രകാരം നാടുകടത്തപ്പെട്ടയാളുമായ റോഷൻ വർഗീസ്, പീച്ചി ഹൈവേ സ്വർണക്കവർച്ച കേസിലെ പ്രതി കിരൺ പിർലോ തുടങ്ങിയ ഗുണ്ടകളുമായി നിഷാന്തിന് അടുത്ത ബന്ധമുണ്ടായിരുന്നതായാണ് അന്വേഷണ റിപ്പോർട്ട്. പ്രതികൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതായും ഫോൺ രേഖകൾ വഴി നിരന്തരം ബന്ധപ്പെട്ടിരുന്നതായും തെളിഞ്ഞിട്ടുണ്ട്.
ഇന്റലിജൻസ് റിപ്പോർട്ടിന്റെയും പരാതികളുടെയും അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയ ശേഷമാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള അന്തിമ ഉത്തരവിറക്കിയത്. പൊലീസ് സേനയുടെ അന്തസ്സിനും വിശ്വാസ്യതയ്ക്കും നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതും ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയതുമാണ് നടപടിക്ക് കാരണമായതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു
Links to KAAPA Case Accused and Hardcore Criminals; Civil Police Officer at Thiruvalla Police Station Dismissed from Service
