നഗരങ്ങൾക്ക് ദുരന്ത നിവാരണ നിധി രൂപീകരിക്കണം: കേരളം
നിർദ്ദേശം പതിനാറാം ധനകാര്യ കമ്മീഷൻ്റെ ആലോചനാ യോഗത്തിൽ
ഫണ്ട് വിതരണത്തിലെ മാനദണ്ഡങ്ങളിൽ മാറ്റം വേണമെന്നും ആവശ്യം
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുരന്ത പ്രതികരണ നിധിക്ക് സമാനമായി നഗര ഭരണകൂടങ്ങൾക്കും ഫണ്ട് രൂപീകരിക്കണമെന്ന് നവംബർ 26 ന് ഡൽഹിയിൽ ചേർന്ന പതിനാറാം ധനകാര്യ കമ്മീഷൻ്റെ കൂടിയാലോചനാ യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ആവശ്യപ്പെട്ടു. ദുരന്തമുഖത്ത് ആദ്യം എത്തുന്നത് പ്രാദേശിക സർക്കാരുകളാണ്. ദുരന്ത സാഹചര്യങ്ങളെ കണക്കിലെടുത്തുള്ള മാസ്റ്റർ പ്ലാനുകളുടെ രൂപീകരണത്തിലാണ് കേരളത്തിലെ നഗരസഭകൾ. കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പ്രകൃതിദുരന്തങ്ങളെ നേരിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജജമാക്കണമെന്ന നിർദ്ദേശമാണ് കേരളം മുന്നോട്ടുവെച്ചത്. ധനകാര്യ കമ്മീഷൻ ഗ്രാൻഡ് വിതരണത്തിലുള്ള കേരളത്തിൻ്റെ താല്പര്യങ്ങൾക്ക് എതിരായ മാനദണ്ഡങ്ങളിൽ മാറ്റം വേണമെന്ന ആവശ്യവും ഉന്നയിച്ചു. ജനസംഖ്യ അനുപാതത്തിന്റെ്റെ അടിസ്ഥാനത്തിൽ ഗ്രാൻഡുകൾ നൽകുന്നതിനാൽ കേരളത്തിലെ ഒട്ടുമിക്ക നഗരസഭകളും സർക്കാരിൻ്റെ പദ്ധതികൾക്ക് പുറത്താകുകയാണ്. കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച അർബൻ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്‌മെൻ്റ് ഫണ്ടിന്റെ പ്രയോജനം കേരളത്തിലെ ഭൂരിഭാഗം നഗരസഭകൾക്കും ലഭിച്ചില്ല. കുറഞ്ഞത് ജനസംഖ്യ 50,000 വേണമെന്ന് ആയിരുന്നു മാനദണ്ഡം. ധനകാര്യ കമ്മീഷൻ ഗ്രാന്റിലെ ടൈഡ് അൺടൈഡ് വേർതിരിവ് കേരളത്തിന് ഗുണകരമല്ല എന്നും, പുതിയ റോഡുകളുടെ നിർമ്മാണം ഏറ്റെടുക്കുന്നതിന് വ്യവസ്ഥകൾ തടസ്സമാകുന്നു എന്നും അഡ്വ. ടി. സക്കീർഹുസൈൻ യോഗത്തെ അറിയിച്ചു. ദേശീയ നയത്തിന് അനുസരിച്ച് കേരളത്തിലെ ജനസംഖ്യയിൽ കുറവ് വന്നു. എന്നാൽ ജനസംഖ്യ മാനദണ്ഡമായി സ്വീകരിച്ച് ഗ്രാൻഡിൽ തുടർച്ചയായി കുറവു വരുകയാണ്. സംസ്ഥാനങ്ങളുടെ പ്രത്യേകതകൾക്ക് അനുസരിച്ച് ഗ്രാൻഡ് വിതരണം ചെയ്യാൻ പതിനാറാം ധനകാര്യ കമ്മീഷൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരങ്ങളുടെ സമഗ്രമായ വികസനത്തിന് കൂടുതൽ പണം ഗ്രാൻഡ് ആയി നൽകണമെന്നും നിർദ്ദേശം ഉയർന്നു. നഗരസഭകളെ സാമ്പത്തികമായി സ്വയം പര്യാപ്‌തതയിൽ എത്തിക്കാൻ കൂടുതൽ നികുതി അധികാരങ്ങൾ നൽകണമെന്നും ചെയർമാൻ കമ്മീഷനോട് അഭ്യർത്ഥിച്ചു. ഇന്ത്യയിലെ നഗര ഭരണകൂടങ്ങളെ ശാക്തീകരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനാണ് ആലോചനയോഗം ഡൽഹിയിൽ ചേർന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ബന്ധപ്പെട്ട സർക്കാരുകൾ തിരഞ്ഞെടുത്ത നഗര അധ്യക്ഷൻമാരാണ് യോഗത്തിൽ പങ്കെടുത്തത്. നഗരപ്രദേശങ്ങളിലെ പ്രാദേശിക ഭരണസമിതികളുടെ അഭിപ്രായങ്ങൾ ആരായാൻ ആദ്യമായാണ് ധനകാര്യ കമ്മീഷൻ യോഗം വിളിച്ചു ചേർക്കുന്നത്. പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയയും മറ്റ് കമ്മീഷൻ അംഗങ്ങളും യോഗത്തിൽ സന്നിഹിതരായിരുന്നു. കേരളത്തിലെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികൾ ഫലപ്രദമായി അവതരിപ്പിക്കാൻ യോഗം അവസരം ഒരുക്കി എന്നും, നിർദ്ദേശങ്ങളിൽ പലതും അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കമ്മീഷൻ ചെയർമാൻ യോഗത്തിൽ ഉറപ്പു നൽകിയതായും അഡ്വ. ടി. സക്കീർ ഹുസൈൻ അറിയിച്ചു.
adv.sakker hussain