ഷാർജ : സ്രോതസ്സ് ഷാർജ നിർമ്മിച്ച് നൽകുന്ന വിവിധ പ്രോജക്ടുകളുടെ താക്കോൽദാനം മെയ് 3ന് പരുമലയിൽ നടക്കും. 25 ലക്ഷം രൂപ ചെലവിൽ
പാലക്കാട് അട്ടപ്പാടി നെല്ലിപ്പതി സെൻറ് ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൻറെ ലാബ് കെട്ടിട സമുച്ചയം, കൂട്ടംപേരൂരിൽ ഒരു കുടുംബത്തിന് നൽകുന്ന വീടിന്റെയും താക്കോൽദാനമാണ് നടക്കുന്നത്.
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ആയിരുന്ന പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്മരണാർത്ഥം നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായാണ് നെല്ലിപ്പതി സെൻറ് ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് ലാബ് കെട്ടിടവും ഉപകരണങ്ങളും നൽകുന്നത്.
രണ്ടര പതിറ്റാണ്ട് പിന്നിടുന്ന സ്കൂളിൽ ഹയർ സെക്കൻഡറി സൗകര്യം ഇല്ലാത്തതിനാൽ അട്ടപ്പാടിയിലും പരിസരപ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനായി 60 കിലോമീറ്റർ അകലെ പാലക്കാട്ടും കോയമ്പത്തൂരും പോകേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത് . ഇതു കാരണം പല കുട്ടികളും തുടർപഠനം ഉപേക്ഷിക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ഈ അധ്യാന വർഷമാണ് സ്കൂളിന് ഹയർസെക്കൻഡറി അനുവദിച്ചത്.സാമൂഹ്യ സേവനം ലക്ഷ്യമിട്ട് മലങ്കര ഓർത്തഡോക്സ് സഭ നടത്തുന്ന പരിശ്രമങ്ങൾക്ക് പൂർണ്ണപിന്തുണ നൽകി സ്രോതസ്സ് ഏറ്റെടുത്ത അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ ലാബാണ് നിർമ്മാണം പൂർത്തിയായി.
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പരുമല സെന്റ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓഡിറ്റോറിയത്തിൽ സ്രോതസ്സ് പ്രോജക്ടുകളുടെ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ്, മാത്യു ടി തോമസ് എംഎൽഎ സഭ സെക്രട്ടറി ബിജു ഉമ്മൻ ,വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് ആമയിൽ, അല്മായ ട്രസ്റ്റി റോണി എബ്രഹാം, ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് , സാമൂഹിക - സാംസ്കാരിക നേതാക്കന്മാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
ഷാർജയിലെ ഓർത്തഡോക്സ് വിശ്വാസികളുടെ ജീവകാരുണ്യ സംഘടനയായ സ്രോതസ്സ് നാട്ടിലും വിദേശത്തുമുള്ള നൂറുകണക്കിന് ആളുകളെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കൈപിടിച്ചു ഉയർത്തുന്നതിൽ വഹിച്ച പങ്ക് വലുതാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേർക്ക് വിദ്യാഭ്യാസ സഹായം, ചികിത്സാസഹായം, വിവാഹ സഹായം , ഹൗസിംഗ് പ്രോജക്ടുകൾ എന്നിവ കഴിഞ്ഞ 24 വർഷമായി സ്രോതസ്സ് വിതരണം ചെയ്തു.
sharjah