പത്തനംതിട്ട : ഛത്തീസ്ഗഢിൽ അറസ്റ്റുചെയ്യപ്പെട്ട കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ക്രൈസ്തവസഭകളുടെ നേതൃത്വത്തിൽ പത്തനംതിട്ട നഗരത്തിൽ പ്രതിഷേധ മൗനജാഥ നടത്തി. പത്തനംതിട്ട സെയ്ന്റ് പീറ്റേഴ്സ് കത്തീഡ്രൽ അങ്കണത്തിൽനിന്നാരംഭിച്ച റാലി കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. സഭയ്ക്കും സമൂഹത്തിനുമായി ആത്മസമർപ്പണം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് വലിയ മെത്രാപ്പൊലീത്ത പറഞ്ഞു. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത ഫ്ലാഗ് ഓഫ് ചെയ്തു. പാർശ്വവത്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനായി പ്രയത്നിക്കുന്ന കന്യാസ്ത്രീകൾക്ക് നേരേയുണ്ടായ നീക്കം അന്യായമാണെന്ന് ഏബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്ത പറഞ്ഞു.
മൗനം പാലിച്ചിരുന്നാൽ ക്രൈസ്തവർക്ക് ഇവിടെ കഴിയാനാവാത്ത സാഹചര്യം ഉണ്ടാകുമെന്നും നിസ്സഹായതയുടെ നിലവിളിയാണ് ഇപ്പോൾ മുഴങ്ങുന്നതെന്നും സാമുവേൽ മാർ ഐറേനിയോസ് പറഞ്ഞു. ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി. ജാഥ ഗാന്ധിസ്ക്വയറിൽ സമാപിച്ചു.
PATHANAMTHITTA