പന്തളം നഗരസഭയിൽ വാർധക്യപെൻഷൻ അക്കൗണ്ട് മാറി നൽകിയത് നാലുവർഷം
പന്തളം: പന്തളം നഗരസഭയിൽ വാർധക്യപെൻഷൻ അക്കൗണ്ട് മാറി മറ്റൊരാൾക്ക് നൽകിയത് നാലുവർഷം. പന്തളം നഗരസഭ പതിനെട്ടാം ഡിവിഷനിലെ കുരമ്പാല സൗത്ത് ഇടയാടി തെക്ക് സുഭാഷ് ഭവനിൽ ഗൗരിക്കുട്ടിയമ്മയുടെ(78) വാർധക്യകാല പെൻഷനാണ് നഗരസഭ ജീവനക്കാരുടെ അശ്രദ്ധ മൂലം മറ്റൊരാൾക്ക് ലഭിച്ചത്. നഗരസഭ പതിനാറാം വാർഡിലെ താമസക്കാരൻ പരമേശ്വരൻപിള്ളയുടെ അക്കൗണ്ടിലേക്കാണ് തുക നിക്ഷേപിച്ചത്.
2020 മാർച്ചിലാണ് വാർധക്യകാല പെൻഷൻ ലഭിക്കുന്നതിനായി ഗൗരിക്കുട്ടിയമ്മ അപേക്ഷ നൽകിയത്. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും തുക ലഭിച്ചില്ല. നിർമാണ തൊഴിലാളി യൂനിയന്റെ മറ്റൊരു പെൻഷൻ ഗൗരിക്കുട്ടി അമ്മക്ക് ലഭിച്ചിരുന്നു.ഈ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് നഗരസഭയിൽ അന്വേഷിക്കാൻ എത്തിയപ്പോഴാണ് വാർധക്യപെൻഷൻ അനുവദിച്ചതായി ഇവർ മനസിലാക്കിയത്. ഇതിന്റെ വിശദാശംങ്ങൾ തേടി ഇവർ പല തവണ നഗരസഭയെ സമീപിച്ചു. ഇതിനൊടുവിൽ മേയ് മുതൽ പെൻഷൻ തുക ഗൗരിക്കുട്ടിയമ്മയുടെ യൂനിയൻ ബാങ്ക് അഅക്കൗണ്ടിലേക്ക് നൽകുന്നതായി നഗരസഭ അധികൃതർ ഇവരെ അറിയിച്ചു.
തനിക്ക് യൂനിയൻ ബാങ്കിൽ അക്കൗണ്ട് ഇല്ലെന്നും അക്കൗണ്ട് കാനറാ ബാങ്കിന്റെ പന്തളം ബ്രാഞ്ചിലാണെന്നും കാട്ടി 2024 ഡിസംബർ 16 ന് വീണ്ടും ഇവർ പരാതി നൽകി. ഇതോടെ അധികൃതർ നടത്തിയ പരിശോധനയിലാണ് പെൻഷൻ തുക പോകുന്നത് മറ്റൊരു ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്കാണെന്ന് മനസ്സിലാകുന്നത്. തുടർന്ന് ഫെബ്രുവരി മുതൽ ഗൗരിക്കുട്ടിയമ്മക്ക് പെൻഷൻ തുക ലഭിച്ചു തുടങ്ങി.
എന്നാൽ ലഭിക്കാതെപോയ നാല് വർഷത്തെ തുക ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യംകാട്ടി നൽകിയ പരാതിയിൽ, മറ്റൊരക്കൗണ്ടിലേക്ക് പോയ തുക റവന്യൂ റിക്കവറി നടത്തി തിരികെ ഏൽപിക്കാമെന്ന് നഗരസഭ സെക്രട്ടറി ഉറപ്പുനൽകിയെങ്കിലും പാലിച്ചിട്ടില്ല എന്നും ഗൗരിക്കുട്ടിയമ്മയുടെ ബന്ധുക്കൾ പറഞ്ഞു.
നഗരസഭക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും ഇവർ ആലോചിക്കുന്നുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.
pension receiving issue