ബസ് സ്റ്റോപ്പിൽ പോലും മൂടിയില്ലാത്ത ഓടകൾ സ്ഥിതി ചെയ്യുന്ന നഗരമായി പത്തനംതിട്ട;കാണാത്തമട്ടിൽ അധികൃതർ
പത്തനംതിട്ട ;:ബസ് സ്റ്റോപ്പിൽ പോലും മൂടിയില്ലാത്ത ഓടകൾ സ്ഥിതി ചെയ്യുന്ന നഗരമായി പത്തനംതിട്ട. വഴിയാത്രക്കാരെ കുഴിയിൽ വീഴ്ത്തുന്ന ഈ കെണി നെടുനീളത്തിലുണ്ടെങ്കിലും കണ്ടില്ലെന്ന മട്ടിലാണ് അധികൃതർ. കാതോലിക്കേറ്റ് കോളജ് ജംക്‌ഷന് എതിരെയുള്ള ബസ്‌സ്റ്റോപ്പിലാണ് മൂടിയില്ലാത്ത ഓടകൾ. വിദ്യാർഥികളുൾപ്പെടെ ഒട്ടേറെപ്പേർ ഈ വഴി സഞ്ചരിക്കുന്നുണ്ട്. ബസ് ഇറങ്ങി മുന്നോട്ട് നീങ്ങുന്നവരെ കാത്തിരിക്കുന്നതും ഈ അപകടക്കുഴികളാണ്. ഓടയിൽ വീണ് പരുക്കേൽക്കുന്ന സംഭവങ്ങൾ പല പ്രദേശങ്ങളിലും ആവർത്തിക്കുമ്പോഴും മുൻകരുതൽ നടപടിക്ക് പോലും അധികൃതർ തയാറല്ല.
പാതയോരത്തെ ഓടകൾക്ക് മേൽമൂടിയില്ലെങ്കിൽ സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ തദ്ദേശസ്ഥാപനത്തിനും ഉത്തരവാദിത്തമുണ്ട്. ഇത് സംബന്ധിച്ച നിർദേശം തദ്ദേശവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇതുപ്രകാരം കാതോലിക്കേറ്റ് കോളജ് ജംക്‌ഷന് എതിരെയുള്ള ബസ്‌സ്റ്റോപ്പിലെ മൂടിയില്ലാത്ത ഓടയ്ക്കു സമീപം സുരക്ഷാവേലി കെട്ടേണ്ടത് നഗരസഭയുടെ ചുമതല കൂടിയാണ്. ഓടയ്ക്കു മേൽമൂടി ഇല്ലാത്തതിനാൽ ഇവിടെയും ജനറൽ ഹോസ്പിറ്റൽ പരിസരത്തുമുൾപ്പെടെ വഴിയാത്രക്കാർ അപകടത്തിലാകുന്ന സ്ഥിതി മുൻപും അരങ്ങേറിയിട്ടുണ്ട്.
പെട്ടെന്ന് കാൽനടയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാത്ത തരത്തിലാണ് പാതയോരങ്ങളിൽ പലയിടത്തും മൂടിയില്ലാത്ത ഓടകൾ. ആളുകൾ വീണ് അപകടത്തിൽപ്പെട്ടാലും സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടി അധികൃതർ കൈക്കൊള്ളുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
UNCOVEREWD DRAINS