ആറന്മുള ഇടയാറന്മുളയിലെ ഒരു വീട്ടിൽ ഒളിച്ചുതാമസിച്ച മോഷ്ടാക്കളെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ റെയിൽവേ പോലീസ് കണ്ടെത്തി
പത്തനംതിട്ട : ആറന്മുള ഇടയാറന്മുളയിലെ ഒരു വീട്ടിൽ ജൂലൈ 22 മുതൽ വാടകയ്ക്ക് താമസിച്ചു വന്ന മോഷ്ടാക്കളായ രണ്ടു യുവാക്കളെ എറണാകുളം സൗത്ത് റയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് പോലീസ് രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തി പിടികൂടിയത്. കോതമംഗലം നെല്ലിക്കുഴി തംഗലാം പി ഒയിൽ കാട്ടുകുടി വീട്ടിൽ ഫൈസൽ അലി(36), ഇടുക്കി കാരിക്കോട് തൊടുപുഴ ഈസ്റ്റ് പാമ്പുതൂക്കിമാക്കൽ വീട്ടിൽ പാമ്പു കൊത്തി എന്ന് വിളിക്കുന്ന നിസ്സാർ സിദ്ദീഖ് (42) എന്നിവരെയാണ് ആറന്മുള സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ ടി തിലകൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. രാവിലെ 8.45 ന് കോഴിപ്പാലത്ത് എത്തിയ അന്വേഷണസംഘം പ്രതികളെ പറ്റിയുള്ള വിവരം കൈമാറി.
ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ മാത്രം മോഷ്ടിക്കുന്നതിൽ കമ്പമുള്ളയാളാണ് ഫൈസൽ അലി. ഇയാൾ എറണാകുളം, കോട്ടയം റയിൽവേ സ്റ്റേഷനുകളിൽ നിന്നും രണ്ട് ലാപ്ടോപ്പുകൾ, ഒരു ടാബ്, 6 മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, 2 പവർ ബാങ്ക്, 2 റെയിൽവേ ബെഡ് ഷീറ്റ് എന്നിവ മോഷ്ടിച്ചു കടന്ന ഇയാൾ നിസാറിനൊപ്പം ഇവിടെ ഒളിവിൽ താമസിക്കുകയായിരുന്നു. നിസാർ വീടുകളുടെയും മറ്റും വാതിൽ തകർത്ത് ഉള്ളിൽ കടന്ന് മോഷണം നടത്തുന്നയാളുമാണ് . പ്രതികൾ ഇവിടെയുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് അധികൃതർ ജില്ലാ പോലീസ് മേധാവിയെ വിവരം ധരിപ്പിച്ചു, തുടർന്നാണ് അന്വേഷണസംഘം ആറന്മുളയിലെത്തിയത്.
ജില്ലാ പോലീസ് മേധാവി അറിയിച്ചതനുസരിച്ച്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ ശ്രീകുമാറിന്റെ നിർദേശപ്രകാരം രഹസ്യാന്വേഷണ വിഭാഗം പോലീസ് വിവരങ്ങൾ തേടുകയും പ്രതികളെ കണ്ടെത്തുകയുമായിരുന്നു. പ്രതികൾ ഒളിച്ചുകഴിയുന്ന സ്ഥലത്തിനടുത്ത് താമസിക്കുന്ന പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സിപിഓ വിഷ്ണു കെ രാജേന്ദ്രനെ ബന്ധപ്പെട്ട് തിലകൻ കാര്യങ്ങൾ അന്വേഷിച്ചു. ഇരുവരും ചേർന്ന് നടത്തിയ രഹസ്യനീക്കത്തിൽ മോഷ്ടാക്കളെ വീട്ടിൽ കണ്ടെത്തിയശേഷം സംഘത്തെ വീടിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരം കൈമാറി. തുടർന്ന് അവരെത്തി കസ്റ്റഡിയിലെടുത്തു. നിസ്സാർ മൂവാറ്റുപുഴ ബസ്സ് സ്റ്റാൻ്റിൽ നിന്നും മോഷ്ടിച്ച ഡിയോ സ്കൂട്ടറും വീട്ടിൽ നിന്നും പോലീസ് സംഘം കണ്ടെടുത്തു.
theif