മെഗാ ഇ ചെലാൻ അദാലത്ത് ആഗസ്റ് 18 ന് പത്തനംതിട്ടയിൽ
പോലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് മെഗാ ഇ ചെലാൻ അദാലത്ത് നടത്തുന്നു. എസ് പി ട്രാഫിക്കിന്റെ നിർദേശപ്രകാരമാണ് നടപടി. 18 ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ അടൂർ ട്രാഫിക് എൻഫോഴ്‌സ്മെന്റ് യൂണിറ്റിൽ ഇതിനായി സൗകര്യം ഒരുക്കിയതായി ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു. ഇ ചെലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ യഥാസമയം പിഴയടയ്ക്കാൻ സാധിക്കാത്തതും, നിലവിൽ കോടതിയിലുള്ളതുമായ ചെലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തവ ഒഴികെയുള്ളവ പിഴയൊടുക്കി തുടർ നടപടികളിൽ നിന്നും ഒഴിവാകാനുള്ള അവസരമാണിത്.
ആളുകൾ ഫൈൻ അടയ്ക്കാതിരിക്കുന്നത് മൂലം ഇവയിൽ തീർപ്പാകാതെയിരിക്കുന്നത് പരിഹരിക്കാൻ സംസ്ഥാനത്തുടനീളം ഇത്തരം അദാലത്തുകൾ നടന്നിവരികയാണ്. ഇതിന്റെ ഭാഗമായി ജില്ലയിൽ നടത്തുന്ന മെഗാ അദാലത്തിൽ ലഭിക്കുന്ന അവസരം ആളുകൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. യു പി ഐ, ഡെബിറ്റ്, ക്രെഡിറ്റ് എന്നിവ ഉപയോഗിച്ച് മാത്രം പിഴത്തുക നേരിട്ട് അടയ്ക്കാവുന്നതാണ്. വിവരങ്ങൾക്ക് 9497981214 എന്ന നമ്പരിലേക്ക് ബന്ധപ്പെടാം.
e challan