തിരുവല്ല: ആയിരത്തിലധികം പേർ പ്രതിദിനം എത്തുന്ന റവന്യൂ ടവറില്‍ പൈപ്പിലൂടെ ഒഴുകുന്നത് മലിന ജലം. കോളിഫോം ബാക്ടീരിയ അപകടകരമായ അളവിൽ വര്‍ധിച്ച ജലമാണ് ടവറിലേതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഒരാഴ്ച മുമ്പ് പൈപ്പ് വെള്ളത്തിന് അരുചിയും ദുര്‍ഗന്ധവും അനുഭവപ്പെട്ടതോടെയാണ് സംശയം തോന്നിയത്.
ടവറിലെ വാടകക്കാരന് വെള്ളം എടുത്ത് തിരുവല്ല ജല അതോറിറ്റി ലാബില്‍ പരിശോധനയ്ക്കു നല്കി. കഴിഞ്ഞ ദിവസം ഫലം വന്നപ്പോഴാണ് ഇ കോളി ബാക്ടീരിയയുടെ അളവ് 100 സി.എഫ്.യു. ആണെന്ന് തരിച്ചറിഞ്ഞത്. കുടിക്കാന്‍ ഉപയോഗിക്കുന്ന വെളളത്തില്‍ ഇ കോളി അളവ് പൂജ്യമായിരിക്കണം. ഹൗസിങ് ബോര്‍ഡിന്റെ ഉടമസ്ഥതയിലാണ് ടവര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന വാടകക്കാരുടെ യോഗത്തിലാണ് വെളളത്തിന്റെ പ്രശ്നം പുറത്തറിയുന്നത്. വെളളം എങ്ങനെ ശുദ്ധീകരിക്കുമെന്നതിനു കൃത്യമായ മറുപടിയില്ലാതെയാണ് യോഗം പിരിഞ്ഞത്.
ജല അതോറിറ്റിയുടെ സംഭരണിയില്‍നിന്നാണ് ടവറില്‍ വെള്ളം എത്തുന്നത്. ടവറിനു പുറകുവശത്ത് പ്രത്യേക ഭൂതല സംഭരണി നിര്‍മിച്ച് അവിടെയെത്തുന്ന വെള്ളം ടവറിന്റെ മുകളിലെ സംഭരണിയിലേക്ക് അടിച്ചുകയറ്റിയാണ് വിതരണം ചെയ്യുന്നത്. ടവറിനു പുറകിലെ സംഭരണിയിലെ വെള്ളത്തില്‍ മലിനജലം കലര്‍ന്നതാകാനാണ് സാധ്യതയെന്ന് അധികൃതര്‍ പറഞ്ഞു.
സംഭരണി വര്‍ഷങ്ങളായി ശുചീകരിച്ചിട്ടില്ല. 2028ലെ പ്രളയത്തില്‍ ടവറിന്റെ പിന്‍ഭാഗത്ത് ദിവസങ്ങളോളം വെളളം കെട്ടിനിന്നിരുന്നു. സംഭരണിയിലും ഈ വെളളം എത്തിയിട്ടുണ്ടാകും. പിന്നീട് ഒരു തവണപോലും സംഭരണി ശുചീകരിച്ചിട്ടില്ല. രണ്ടു വര്‍ഷം മുന്‍പ് ഹൗസിങ് ബോര്‍ഡ് അംഗവും ഉദ്യോഗസ്ഥരും സംഭരണിയുളള സ്ഥലം പരിശോധിച്ചിരുന്നു. ഉടന്‍ നടപടിയുണ്ടാകുമെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
ആറു നിലയാണ് ടവറിന്. മിക്ക ശൗചാലയങ്ങളും പൊട്ടിയൊലിക്കുന്ന നിലയിലാണ്. ഇവയില്‍ നിന്നുളള മലിനജലവും സംഭരണിയുടെ ഭാഗത്ത് പരക്കുന്നുണ്ട്. പലയിടത്തായി മാലിന്യ ശേഖരവുമുണ്ട്. ടവറിലെ വാടകക്കാരുടെ പൊതുയോഗം രണ്ടര വര്‍ഷത്തിനുശേഷമാണ് കഴിഞ്ഞ ദിവസം ചേര്‍ന്നത്. ടവറില്‍ അറ്റകുറ്റപ്പണി ഇല്ലാത്തതും ജലവിതരണത്തിലെ പ്രശ്നവും ഉയര്‍ന്നതോടെ കാര്യമായ തീരുമാനങ്ങള്‍ ഇല്ലാതെ യോഗം പിരിഞ്ഞതായി വാടകക്കാരുടെ പ്രതിനിധികളായ എം.ബി. നൈനാന്, കെ.ആര്. രഘുക്കുട്ടന്‍ പിളള എന്നിവര്‍ പറഞ്ഞു.
അഞ്ചു വര്‍ഷത്തെ കണക്ക് പരിശോധിക്കാന്‍ രഘുക്കുട്ടന്‍ പിളളയെ ചുമതലപ്പെടുത്തി. താലൂക്ക് ഓഫിസ്, നാലു കോടതികള്‍, ആർ.ടി.ഒ ഓഫിസ്, സപ്ലൈ ഓഫിസ്, മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്മെന്റ് ഓഫീസ് തുടങ്ങി ഇരുപതിലധികം സര്‍ക്കാര്‍ ഓഫീസും നൂറോളം സ്വകാര്യ സ്ഥാപനങ്ങളുമാണ് റവന്യൂ ടവറിൽ പ്രവര്‍ത്തിക്കുന്നത്.
thiruvalla