തിരുവല്ല: തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയിൽ പാലത്തിന്‍റെ കൈവരി തകർത്ത് ലോറി തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ പുതിയ തോടിന് കുറുകയുള്ള പൊടിയാടി പാലത്തിലായിരുന്നു അപകടം.
മൈദയുമായി കായംകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. തിരുവല്ല ഭാഗത്തു നിന്നെത്തിയ ലോറി കൈവരി തകർത്തു പാലത്തിൽ നിന്നും തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു.
സമീപവാസികളും പുളിക്കീഴ് പൊലീസും ചേർന്ന് കാബിനിൽ കുടുങ്ങിക്കിടന്നിരുന്ന ഡ്രൈവറെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
thiruvalla