ശബരിമലതീർഥാടകർ സഞ്ചരിച്ചിരുന്ന കാർ മാടമണ്ണിൽ നിയന്ത്രണംവിട്ട് നദീതീരത്തേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു
റാന്നി : ശബരിമലതീർഥാടകർ സഞ്ചരിച്ചിരുന്ന കാർ മാടമണ്ണിൽ നിയന്ത്രണംവിട്ട് നദീതീരത്തേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. റോഡിൽനിന്നും കുത്തനെചെരിഞ്ഞ തിട്ടയിൽക്കൂടി ഓടിപ്പോയ കാർ തീരത്ത് മറിഞ്ഞ് തലകീഴായിട്ടാണ് കിടന്നത്. അല്പംകൂടി നീങ്ങിയിരുന്നെങ്കിൽ കാർ പമ്പാനദിയിലേക്ക് പതിക്കുമായിരുന്നു. തടയണകെട്ടി വെള്ളം തടഞ്ഞുനിർത്തിയിട്ടുള്ള നദിയുടെ ഈ ഭാഗത്ത് നല്ല ആഴത്തിൽ വെള്ളവുമുണ്ട്. കാർതീരത്ത് നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.
ബുധനാഴ്ച പകൽ 1.45-ഓടെ മണ്ണാറക്കുളഞ്ഞി-പമ്പ ശബരിമലപാതയിൽ പെരുനാട് മാടമൺ വള്ളക്കടവ് ഭാഗത്താണ് സംഭവം. ശബരിമലദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറ്റിങ്ങൽ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് സമീപത്തുകൂടി കാർ താഴേക്ക് പോവുകയായിരുന്നു. തീരത്ത് അല്പം നിരപ്പായഭാഗത്താണ് കാർ തലകീഴായി കിടന്നത്. ഏതാനും മീറ്ററുകൾ കൂടി നീങ്ങിയിരുന്നെങ്കിൽ നദിയിലേക്ക് മറിയുമായിരുന്നു. രണ്ട് കുട്ടികളടക്കം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.
ബൈജു, വിനയ്, ബിജു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പോലീസും നാട്ടുകാരും ചേർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. എസ്‌ഐ എ.ആർ. രവീന്ദ്രന്റെ നേതൃത്വത്തിൽ പെരുനാട് പോലീസും റാന്നിയിൽനിന്നും ഫയർഫോഴ്‌സും സ്ഥലത്തെത്തി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
car accident