കോന്നി: കോന്നി-തണ്ണിത്തോട് റോഡിലും കല്ലേലി റോഡിലും തേക്കില പുഴു യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡിന് ഇരുവശവും വനം വകുപ്പ് നട്ട്പിടിപ്പിച്ച തേക്ക് മരങ്ങളുടെ ഇലയിൽ നിന്നാണ് ഇത്തരം പുഴുക്കൾ ചിലന്തിവലകൾ പോലെയുള്ള നൂലുകളിൽ കൂടി റോഡിലേക്ക് ഊർന്നിറങ്ങുന്നത്. രാവിലെ മഞ്ഞുള്ള സമയങ്ങളിൽ റോഡിലേക്ക് ഇറങ്ങുന്ന ഇത്തരം പുഴുക്കൾ ഇരുചക്ര വാഹനയാത്രക്കാരുടെ ശരീരത്തേക്കാണ് വീഴുക. ഇതിന്റെ രോമങ്ങൾ ദേഹത്ത് സ്പർശിച്ചാൽ അസഹനീയമായ ചൊറിച്ചിലായിരിക്കും.
നൂറുകണക്കിന് പുഴുക്കളാണ് ഇത്തരത്തിൽ റോഡിലേക്ക് ഇറങ്ങുന്നത്. വസ്ത്രങ്ങളിൽ പറ്റിപിടിച്ചിരിക്കുന്ന പുഴുക്കൾ ആളുകൾ യാത്ര ചെയ്യുന്നത് വഴി മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കുന്നു. കാറുകളുടെ ഗ്ലാസുകളിൽ വീഴുന്ന പുഴുക്കൾ പുറപ്പെടുവിക്കുന്ന ഒരു തരം സ്രവം വാഹനത്തിന്റെ മുൻ ഭാഗത്തെ ഗ്ലാസിന് മങ്ങലേൽപ്പിക്കും.
മഞ്ഞ നിറത്തിൽ കറുത്ത പുള്ളികളോടെ കാണപ്പെടുന്ന പുഴുവിന്റെ ഭക്ഷണം പ്രധാനമായും തേക്കിന്റെ ഇലകളാണ്. തേക്കിന്റെ ഇലകളിൽ മുട്ടയിട്ട് വിരിയുന്ന പുഴു ആദ്യത്തെ പതിനഞ്ച് ദിവസം കൊണ്ട് തന്നെ ഇലകളിലെ ഹരിതകം തിന്നുതീർക്കും. ഇത് തേക്ക് മരങ്ങൾക്കും ഭീഷണിയാകുന്നുണ്ട്. ഇതിനെ തുടർന്ന് പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇത്തരം പുഴുക്കളെ നശിപ്പിക്കുന്നതിനുള്ള ജൈവ കീടത്തെ വികസിപ്പിച്ചെടുത്തിരുന്നു. എന്നാൽ ഇത് ഫലപ്രദമായി ഉപയോഗിക്കാൻ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല.
KONNI