നവംബർ 17-ന് തുടങ്ങുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണം ; പ്രമോദ് നാരായൺ എംഎൽഎ
തെള്ളിയൂർക്കാവ് : നവംബർ 17-ന് തുടങ്ങുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് പ്രമോദ് നാരായൺ എംഎൽഎ ആവശ്യപ്പെട്ടു. കളക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിൽ നടന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭ നടത്തിപ്പ് അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
24 മണിക്കൂറും പോലീസ്, മെഡിക്കൽ സേവനം ഉറപ്പാക്കും. ഹോട്ടലിൽ ഭക്ഷണം വിളമ്പുന്നവർക്കും പാചകംചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ സ്‌ക്വാഡ് ടീമുകൾ സജീവമായി രംഗത്തിറങ്ങും. തടസ്സമില്ലാതെ വൈദ്യുതി കെഎസ്ഇബി ഉറപ്പാക്കും. മുടക്കമില്ലാതെ കുടിവെള്ളം വിതരണംചെയ്യും. താത്കാലിക ടാപ്പുകൾ സ്ഥാപിക്കും. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തും. എക്സൈസിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കും.സ്പെഷ്യൽ സ്‌ക്വാഡും പ്രവർത്തിക്കും.
ഭക്ഷണശാലകളിൽ ദൈനംദിനപരിശോധനയും അണുനശീകരണ ശുചീകരണപ്രവർത്തനവും ആരോഗ്യവകുപ്പ് ഏകോപിപ്പിക്കും. തിരുവല്ല ഡിപ്പോയിൽനിന്ന് കെഎസ്ആർടിസി അധിക സർവീസ് നടത്തും. ഹരിതചട്ടം കൃത്യമായി പാലിക്കും. ഹരിതകർമസേനയുടെ സേവനം ഉപയോഗിക്കും. അനധികൃത കച്ചവടം നിരോധിക്കാൻ നടപടി സ്വീകരിക്കാനും ആവശ്യമായ ഇടങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കാനും എഴുമറ്റൂർ ഗ്രാമപ്പഞ്ചായത്തിനോട് എംഎൽഎ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി, ജനപ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
thelliyoorkav festival
