ഹരിത കർമസേനക്ക് പ്ലാസ്റ്റിക്ക് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് ഉൾപ്പടെ പിഴ നോട്ടീസ് നൽകിയ നാരങ്ങാനം പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധം
നാരങ്ങാനം: ഹരിത കർമസേനക്ക് പ്ലാസ്റ്റിക്ക് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് ഉൾപ്പടെ പിഴ നോട്ടീസ് നൽകിയ നാരങ്ങാനം പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധം. ഹരിത കർമസേനക്ക് പ്ലാസ്റ്റിക്കും യൂസർ ഫീയായ 50 രൂപയും നൽകാത്ത സാഹചര്യത്തിൽ കേസെടുത്ത് 50,000 രൂപ വരെ പിഴ ചുമത്തുമെന്ന് കാട്ടിയാണ് നാരങ്ങാനം പഞ്ചായത്ത് സെക്രട്ടറി വീട്ടുടമസ്ഥർക്ക് നോട്ടീസ് നൽകിയത്.
ഒരു വർഷം വരെ തടവ് ലഭിക്കുമെന്ന് പറയുന്നതിനൊപ്പം, 50 ശതമാനം പിഴയോടെ പൊതുനികുതി കുടിശ്ശികയായി കണക്കാക്കി നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. നോട്ടീസ് ലഭിച്ചവരിൽ വർഷങ്ങളായി അടച്ചിട്ട നിരവധി വീടുകളുമുണ്ട്. വീടുകളിൽ നോട്ടീസ് കണ്ട ബന്ധുക്കൾ വിവരം അറിയിച്ചതോടെ പ്രവാസികൾ ഉൾപ്പെടെ വിദേശത്തുള്ളവർ ആശങ്കയിലാണ്. പലരും വാർഡ് അംഗങ്ങളെ വിളിക്കുന്നുമുണ്ട്.
താമസമില്ലാത്ത സാഹചര്യത്തിൽ പ്ലാസ്റ്റിക് മാലിന്യം എവിടെ നിന്ന് ഹരിത കർമ സേനക്ക് നൽകുമെന്ന് ഇവർ ചോദിക്കുന്നു. മാലിന്യം ഇല്ലാത്ത സാഹചര്യത്തിൽ യൂസർ ഫീ എന്തിന് നൽകണമെന്ന് പഞ്ചായത്ത് വിശദീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. മരണപ്പെട്ടവരുടെ പേരിലും ചില വീടുകളിൽ നോട്ടീസ് എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി സി.പി.എം ഭരണസമിതിയെയും വെട്ടിലാക്കിയിരിക്കുകയാണ്. പഞ്ചായത്ത് കമ്മിറ്റിയെ അറിയിക്കാതെയാണ് സെക്രട്ടറിയുടെ നടപടികളെന്ന് പഞ്ചായത്തംഗങ്ങൾ പറയുന്നു.
ഇതിനിടെ, പഞ്ചായത്ത് സെക്രട്ടറി ഏകപക്ഷീയമായി നോട്ടീസ് അയച്ചതല്ലെന്നും പഞ്ചായത്ത് ഭരിക്കുന്ന എൽ.ഡി.എഫിലെ ചേരിപ്പോരാണെ് പിന്നിലെന്നും സൂചനയുണ്ട്. വിഷയത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്തുണ്ട്. നികുതി നൽകി വാങ്ങുന്ന സാധനങ്ങൾക്കൊപ്പം ലഭിക്കുന്ന പ്ലാസ്റ്റിക്ക് സർക്കാർ സൗജന്യമായി തിരികെ എടുക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. പ്ലാസ്റ്റിക്ക് ഭീഷണി ഒഴിവാക്കാൻ നിത്യോപയോഗ സാധനങ്ങൾ ശാസ്ത്രീയമായി കൈമാറണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സാധനങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞുലഭ്യമാക്കുകയും അതേ പ്ലാസ്റ്റിക്കിന്റെ പേരിൽ സംസ്ഥാന സർക്കാർ ജനങ്ങളെ കേസിൽ കുരുക്കുകയും ചെയ്യുന്നതിന്റെ തെളിവാണ് പഞ്ചായത്തിലെ ജനങ്ങൾ അനുഭവിക്കുന്നതെന്നും പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. പ്ലാസ്റ്റിക്ക് നൽകിയില്ലെങ്കിലും എല്ലാ വീടുകൾക്കും ഹരിത കർമ സേന യൂസർ ഫീ നിർബന്ധമാക്കി ഉത്തരവിറക്കിയ സാഹചര്യത്തിലാണ് നോട്ടീസ് അയച്ചതെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർ പറയുന്നു.
താമസമില്ലാത്ത സാഹചര്യത്തിൽ പ്ലാസ്റ്റിക് മാലിന്യം എവിടെ നിന്ന് ഹരിത കർമ സേനക്ക് നൽകുമെന്ന് വിദേശത്തുള്ള വീട്ടുകാർ ചോദിക്കുന്നു. മാലിന്യം ഇല്ലാത്ത സാഹചര്യത്തിൽ യൂസർ ഫീ എന്തിന് നൽകണമെന്ന് പഞ്ചായത്ത് വിശദീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. മരണപ്പെട്ടവരുടെ പേരിലും ചില വീടുകളിൽ നോട്ടീസ് എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി സി.പി.എം ഭരണസമിതിയെയും വെട്ടിലാക്കി.
fine-notices-for-closed-houses
