കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ്; ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ ആംബുലന്‍സ്
പത്തനംതിട്ട ∙ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആംബുലന്‍സുകള്‍ കട്ടപ്പുറത്തായ വാർത്തയ്‌ക്കു പിന്നാലെ ആശുപത്രിയിൽ തിരികെ കൊണ്ടുവന്നിട്ടത് ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ ആംബുലന്‍സ്. പത്തനംതിട്ടയിൽ ആയിരുന്ന KL03AF8112 റജിസ്‌ട്രേഷൻ നമ്പർ ജീപ്പാണ് ആശുപത്രിയിൽ തിരികെ എത്തിച്ചത്. എന്നാൽ ഒക്‌ടോബർ 19 ന് ഈ വാഹനത്തിന്റെ ഫിറ്റ്‌നസ് കാലാവധി അവസാനിച്ചതാണ്.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ KL03AF8112 റജിസ്‌ട്രേഷൻ നമ്പർ വാഹനത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന വിവരാവകാശപ്രകാരമുള്ള മറുപടി.
നിലവിൽ ഈ വാഹനത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് വിവരാവകാശപ്രകാരം നൽകിയ അപേക്ഷയിൽ ലഭിച്ച മറുപടി സ്‌ഥിരീകരിക്കുന്നു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനം സർവീസ് നടത്തുന്നത് മോട്ടോർ വാഹന നിയമപ്രകാരം കുറ്റകരമാണെന്നിരിക്കെയാണ് ആംബുലൻസ് ജില്ലാ ആശുപത്രിയിൽ സർവീസ് നടത്താൻ എത്തിച്ചിരിക്കുന്നത്.
എംപി ഫണ്ടില്‍ നിന്ന് അനുവദിച്ചതടക്കം നാല് ആംബുലന്‍സുകളാണ് ജില്ലാ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഐസിയു ആംബുലന്‍സ് കോട്ടയത്ത് അപകടത്തില്‍പ്പെട്ടിട്ട് മാസങ്ങളായെങ്കിലും ഇതുവരെ തകരാര്‍ പരിഹരിച്ചില്ല. മറ്റു രണ്ട് ആംബുലന്‍സുകളും തകരാറിലാണ്. ഒരു ആംബുലന്‍സിന് പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതാണ് പ്രശ്നം. ആംബുലന്‍സുകള്‍ കട്ടപ്പുറത്തായതോടെ താല്‍ക്കാലിക ഡ്രൈവര്‍മാരോട് ജോലിക്ക് വരേണ്ടെന്നും നിര്‍ദേശിച്ചു. സ്വകാര്യ ആംബുലന്‍സുകളെ സഹായിക്കാനാണ് തകരാറിലായ ആംബുലന്‍സുകള്‍ ശരിയാക്കാത്തത് എന്നാണ് ആക്ഷേപം. സര്‍ക്കാര്‍ ആംബുലന്‍സില്‍ 2500 രൂപ ഈടാക്കുമ്പോള്‍ 12,000 രൂപ വരെയാണ് സ്വകാര്യ ആംബുലന്‍സുകള്‍ ഈടാക്കുന്നത്. ഒരാളുടെ ആംബുലന്‍സിന് മാത്രം ഓട്ടം കൊടുക്കുന്നു എന്ന് കാട്ടി ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സൊസൈറ്റിയും പരാതി നല്‍കിയിട്ടുണ്ട്. ശബരിമല മണ്ഡലകാലം കൂടി ആരംഭിക്കാനിരിക്കെയാണ് ആരോഗ്യമന്ത്രി വീണ ജോർജിന്റെ മണ്ഡലത്തിൽ സ്‌ഥിതി ചെയ്യുന്ന ജില്ലാ ആശുപത്രിയിലെ ഈ ദുരവസ്‌ഥ.
unfit-ambulance-hospital-kozhencherry
