റാന്നി: സംസ്ഥാനപാതയിൽ മന്ദിരം വാളിപ്ലാക്കലിലുണ്ടായ അപകടം നാടിനെ നടുക്കി. ആഡംബര കാർ ഇടിച്ചുതെറിപ്പിച്ച കാറിൽനിന്നും അരമണിക്കൂറോളം കഠിനപ്രയത്നം നടത്തിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു യുവാവ് മരിച്ചു. കലാകാരന്മാരായ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. സംസ്ഥാനപാതയിൽ ഉതിമൂടിനും പ്ലാച്ചേരിക്കും ഇടയിൽ അപകടം തുടരുകയാണ്. ഒരു അപകടം എങ്കിലും ഉണ്ടാകാത്ത ദിവസം കുറവാണ്.
ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു കലാകരന്മാർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. പമ്പയിൽ അയ്യപ്പസംഗമത്തിൽ പങ്കെടുത്ത ഇവർ മന്ദമരുതിയിലുള്ള ബന്ധുവീട്ടിൽപോയശേഷം വീടുകളിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. ആഡംബരകാർ തെറ്റായ ദിശയിലെത്തി എതിരെവന്ന കാർ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങൾ നിരീക്ഷണക്യാമറയിൽനിന്ന് ലഭിച്ചിട്ടുണ്ട്.
സംഭവസ്ഥലത്തിന് സമീപമുണ്ടായിരുന്ന ഗ്രാമപ്പഞ്ചായത്തംഗം മന്ദിരം രവീന്ദ്രൻ ഉടനെ പോലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിച്ചു. ഓടിയെത്തിയെങ്കിലും കാറിൽ കുരുങ്ങിക്കിടന്നവരെ പുറത്തിറക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നുവെന്ന് ടേക് എ ബ്രേക്കിന് സമീപം ടീ ഷോപ്പ് നടത്തുന്ന അജു പറഞ്ഞു. സമീപവാസികളും ഹോട്ടലിലെ ജോലിക്കാരുമെല്ലാം ഓടിയെത്തി. ഒരാളെ ഒരുവിധം പുറത്തിറക്കി. പിന്നാലെയെത്തിയ ലോറിയിൽനിന്നും ലിവറും മറ്റും ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് രണ്ടാമത്തെ ആളെ പുറത്തിറക്കിയത്. ഇതുവഴി എത്തിയ മുണ്ടക്കയം സ്വദേശിയായ യുവാവ് പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിക്കാൻ തന്റെ കാർ വിട്ടുനൽകി. രണ്ടാമത് പുറത്തെടുത്ത ആളെ ഇതുവഴിയെത്തിയ വാനിലാണ് റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
ഡ്രൈവറെ പുറത്തെടുക്കാൻ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ഏറെ പാടുപെട്ടു. വടം ഉപയോഗിച്ച് മുൻഭാഗം കെട്ടിവലിച്ചും വെട്ടിപൊളിച്ചും മറ്റുമാണ് യുവാവിനെ പുറത്തെടുത്തത്. ആംബുലൻസിൽ ഈ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരമണിക്കൂറോളം സംസ്ഥാനപാതയിൽ ഗതാഗതം മുടങ്ങിയതോടെ വാഹനങ്ങളുടെ നിര കിലോമീറ്ററുകൾ നീണ്ടു. ഇൻസ്പെക്ടർ ആർ. മനോജ്കുമാർ, എസ്ഐ റെജി തോമസ്, എഎസ്ഐ ബിജുമാത്യു, അജു കെ.അലി എന്നിവരുടെ നേതൃത്വത്തിൽ പോലീസും റാന്നി ഫയർ ഓഫീസർ എ. ഷാജഹാന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Pathanamthitta