സീതത്തോട് : ഗവിയിൽ കെഎഫ്ഡിസി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സുകൾക്കുനേരേ തിങ്കളാഴ്ച രാവിലെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. നാല് വീടുകൾക്ക് നാശമുണ്ടായി. വീടിനുള്ളിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. രാവിലെ ഏഴുമണിയോടെ മൂന്ന് ആനകളെത്തി ക്വാർട്ടേഴ്‌സുകൾ തകർക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. ഏലത്തോട്ടത്തിലെ തൊഴിലാളികളായ രമേശ്, ത്യാഗരാജൻ, രാജേശ്വരി, യശോദ എന്നിവരുടെ ക്വാർട്ടേഴ്‌സുകളാണ് കാട്ടാനകൾ തകർത്തത്.
50-വർഷത്തിനിടെ ഇതാദ്യമായാണ് ആനകൾ ഈ പ്രദേശത്തെത്തുന്നതെന്നും അവർ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ പ്രദേശത്ത് കാട്ടാനകളെത്തിയിരുന്നു. വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ബഹളംവെച്ച് ആനകളെ വനത്തിനുള്ളിലേക്ക് ഓടിച്ചിരുന്നു. പിന്നീട് രാവിലെ ഏഴുമണിയോടെ കാട്ടാനകൾ വീണ്ടും ജനവാസകേന്ദ്രത്തിൽ എത്തുകയായിരുന്നു. വനത്തിനുള്ളിൽനിന്ന് ക്വാർട്ടേഴ്‌സുകൾക്കുസമീപമെത്തിയ ആനകൾ ക്വാർട്ടേഴ്‌സുകളുടെ പിൻഭാഗത്തെ ഭിത്തിയും ഷീറ്റുകളുമെല്ലാം തകർത്തു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പകച്ചുപോയ ആളുകൾ താമസസ്ഥലത്തുനിന്ന് ഓടിമാറുകയായിരുന്നു.
സംഭവമറിഞ്ഞ് ഓടിക്കൂടിയ മറ്റ് തൊഴിലാളികൾ സംഘടിച്ച് ഏറെ നേരം ബഹളംകൂട്ടിയെങ്കിലും ആനകൾ ആദ്യം പിൻവാങ്ങാൻ തയ്യാറായില്ല. ഇതിനിടെ നാട്ടുകാർ അറിയിച്ചതനുസരിച്ച് വനപാലകർകൂടി സ്ഥലത്ത് എത്തി ആനകളെ തുരത്താൻ നാട്ടുകാർക്കൊപ്പംകൂടി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനകളെ കാടുകയറ്റാനായത്. ആളുകൾ കൂട്ടംകൂടി ബഹളംവെച്ചിട്ടും ആനകൾ സ്ഥലത്തുനിന്ന് പോകാൻ തയ്യാറായിരുന്നില്ല.
വനം വികസന കോർപ്പറേഷന്റെ ഗവി ഏലത്തോട്ടത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സുകളാണ് കാട്ടാനയുടെ ആക്രമണത്തിൽ തകർന്നത്. ഈ ക്വാർട്ടേഴ്‌സുകൾക്കൊന്നും മതിയായ സുരക്ഷാ സൗകര്യങ്ങളൊന്നുമില്ല. എല്ലാം കാലഹരണപ്പെട്ടവയാണ്. പ്രദേശത്ത് കാട്ടാനകളെത്തിയതോടെ തൊഴിലാളികളെല്ലാം ഭീതിയിലാണ്. ഇവിടെ അടിയന്തരമായി സോളാർവേലി സ്ഥാപിക്കണമെന്ന് തൊഴിലാളികൾ ആവശ്യം ഉയർത്തിയിട്ടുണ്ട്.
Pathanamthitta
