പത്തനംതിട്ട: മോഷണക്കേസിൽ മാസങ്ങളായി ഒളിവിലായിരുന്ന പ്രതിയെ പാലക്കാട്ടു നിന്നും പത്തനംതിട്ട പോലീസ് പിടികൂടി. ഇടുക്കി നായരുപാറ കിഴക്കുതോപ്പിൽ ശ്യാം എന്ന ഗിരീഷ് ഉത്തമൻ (35) ആണ് അറസ്റ്റിലായത്.
പത്തനംതിട്ട സെൻറ് പീറ്റേഴ്സ് ജംഗ്ഷനിലെ രുചിയിടം ഹോട്ടലിലെ തൊഴിലാളി ആയിരുന്ന ഇയാൾ 2024 നവംബറിൽ ഹോട്ടലിലെ ക്യാഷ് കൗണ്ടറിൽ നിന്നും പതിനായിരം രൂപയും നാല്പത്തിനായിരം രൂപയുടെ മൊബൈൽ ഫോണും പതിനയ്യായിരം രൂപയുടെ സ്മാർട്ട് വാച്ചും മോഷ്ടിക്കുകയായിരുന്നു. പണവും ഫോണും വച്ചും നഷ്ടപ്പെട്ടതിനെതുടർന്ന് ഹോട്ടൽ ഉടമയായ അജിൻ വർഗീസ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. എസ് ഐ കൃഷ്ണകുമാർ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി.
ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം നടത്തിവരവേ പാലക്കാട് നോർത്ത് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നതായി വിവരം ലഭിച്ചു.
പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ സുനുമോന്റെ നിർദേശാനുസരണം എസ് ഐ കെ ആർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 23ന് പ്രതിയെ പാലക്കാട് എത്തി നോർത്ത് ടൗൺ പോലീസിന്റെ സഹായത്തോടുകൂടി കസ്റ്റഡിയിൽ എടുത്തു. തുടർന്ന് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ് ഐ കെ ആർ രാജേഷ്‌കുമാർ, എസ് സി പി ഒ ബൈജു, സി പി ഒ മാരായ ഉദയൻ, അനന്ദു, ഷിനുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
Pathanamthitta
