പത്തനംതിട്ട: കെഎസ്ആർടിസിയിൽ കയറുന്നവരോട് ചില്ലറ തരാൻ പറഞ്ഞു കണ്ടക്ടർ ബുദ്ധിമുട്ടിയിരുന്ന കാലം മാറി. ചില്ലറ തപ്പി യാത്രക്കാർക്കും ബുദ്ധിമുട്ടേണ്ട. ടിക്കറ്റെടുക്കൽ ലളിതമാക്കിയ കെഎസ്ആർടിസിയുടെ ചലോ ട്രാവൽ കാർഡിന്റെ സ്വീകാര്യത നാൾക്കുനാൾ ഏറിവരുന്നു. രണ്ട് മാസം മുൻപാണ് ചലോ ട്രാവൽ കാർഡിന് സംസ്ഥാനതലത്തിൽ തുടക്കമായത്. 100 മുതൽ 3000 വരെ രൂപയ്ക്ക് കാർഡ് റീചാർജ് ചെയ്യാം. 1000 രൂപയ്ക്ക് റീചാർജ് ചെയ്യുകയാണെങ്കിൽ 1040 രൂപയ്ക്ക് വരെ യാത്രചെയ്യാം. മൂന്ന് മാസം വരെയാണ് ഒരു കാർഡിന്റെ കാലാവധി. മുഴുവൻ തുകയ്ക്കും യാത്രചെയ്തില്ലെങ്കിൽപോലും തുക നഷ്ടമാകുമെന്ന ഭയം വേണ്ട. ബാക്കി വരുന്ന തുകയ്ക്കുകൂടി പിന്നീട് ചാർജ് ചെയ്യുമ്പോൾ യാത്രചെയ്യാം. എടിഎം കാർഡിന്റെ വലുപ്പമാണ് കാർഡിന്. ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്നുമായി 7000-ൽ ഏറെ കാർഡുകൾ ഇതിനോടകം വിറ്റുപോയി.
ജില്ലയിൽ ഏറ്റവും കൂടുതൽ ചലോ ട്രാവൽ കാർഡ് ഉപയോഗിച്ചത് പത്തനംതിട്ട ഡിപ്പോയിലാണ്. 2100 കാർഡുകൾ ഇതിനോടകം വിറ്റുപോയി. മറ്റ് ഡിപ്പോകളിൽ നിന്നും ആയിരത്തിലധികം കാർഡുകളാണ് വിറ്റുപോയത്. ഫോൺ നമ്പർ, ആധാർ നമ്പർ എന്നിവ ഉണ്ടെങ്കിൽ അഞ്ചു മിനിറ്റിനുള്ളിൽ കാർഡ് ഉപയോഗിച്ച് തുടങ്ങാം..
Pathanamthitta chalo card
