ശബരിമലയിലെ ദ്വാരപാലക ശിൽപം സ്വർണം പൂശിയതു സംബന്ധിച്ച വിവാദത്തിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശനിയാഴ്ച വിജിലൻസ് ചോദ്യം ചെയ്യും
പത്തനംതിട്ട : ശബരിമലയിലെ ദ്വാരപാലക ശിൽപം സ്വർണം പൂശിയതു സംബന്ധിച്ച വിവാദത്തിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശനിയാഴ്ച വിജിലൻസ് ചോദ്യം ചെയ്തേക്കും. 1998 ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞതു മുതൽ 2019 ൽ ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം പൂശിയതുവരെയുള്ള വിവരങ്ങൾ അന്വേഷിക്കും. ഉണ്ണിക്കൃഷ്ണൻ പോറ്റി ആരോടൊക്കെ എത്ര പണം പിരിച്ചെന്നും അന്വേഷിക്കും. ഇതേസമയം, എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയേണ്ടത് താനല്ലെന്നും സത്യം പുറത്തുവരേണ്ടത് ആവശ്യമാണെന്നും പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്നും ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തെത്തിയ ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞു.
സ്വർണപ്പാളി എടുത്തുകൊണ്ടുപോയത് താനല്ല. ഇക്കാര്യത്തിൽ താൻ തെറ്റുകാരനല്ല. പറയാനുള്ളതു കോടതിയെ അറിയിച്ചിട്ടുണ്ട്. ആവശ്യമായ രേഖകൾ കൈമാറും. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകും– പോറ്റി പറഞ്ഞു. അതേസമയം, റജിസ്റ്ററിൽ രേഖപ്പെടുത്താതെ വഴിപാടുവസ്തുക്കൾ എങ്ങനെ പുറത്തുകൊണ്ടുപോയെന്ന ചോദ്യത്തിന് പോറ്റി മറുപടി നൽകിയില്ല. വാസുദേവൻ പീഠം വീട്ടിലെത്തിച്ചിട്ട് എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല എന്നതിനും പ്രതികരണമുണ്ടായില്ല.
കിളിമാനൂർ കാരേറ്റ് സ്വദേശിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി ഭക്തിയുടെ മറവിൽ ശബരിമലയും ഇതര സംസ്ഥാനങ്ങളും കേന്ദ്രീകരിച്ച് വ്യാപകമായ പണപ്പിരിവു നടത്തിയതായാണ് വിജിലൻസിനു ലഭിച്ചിരിക്കുന്ന വിവരം. അന്നദാനത്തിന്റെ പേരിൽ വ്യാപകമായ പിരിവാണു തമിഴ്നാട്ടിലും ആന്ധ്രയിലും കർണാടകയിലും മഹാരാഷ്ട്രയിലും നടത്തിയത്. സ്വർണപ്പാളി വീടുകളും മറ്റു ചിലയിടങ്ങളിലും എത്തിച്ചും പണം പിരിച്ചു. മുഖ്യമന്ത്രിക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളും ഉപയോഗപ്പെടുത്തി. ഇതിന് ഏതാനും ദേവസ്വം ഉദ്യോഗസ്ഥന്മാരുടെ പിന്തുണയുമുണ്ടായിരുന്നു.
sabarimala-gold-plating-controversy-investigation

