ആധുനിക സൗകര്യങ്ങളോടെ പത്തനംതിട്ട ജില്ലയ്ക്ക് പുതിയ ഭക്ഷ്യപരിശോധന ലബോറട്രി ഒരുങ്ങുന്നു
പത്തനംതിട്ട : ആധുനിക സൗകര്യങ്ങളോടെ പത്തനംതിട്ട ജില്ലയ്ക്ക് പുതിയ ഭക്ഷ്യപരിശോധന ലബോറട്രി ഒരുങ്ങുന്നു. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടിയ ജില്ലാ ലാബിന് മോചനം കൂടിയാണ് സാധ്യമാകുന്നത്. പത്തനംതിട്ട നഗരത്തിൽ അണ്ണായ്പാറയിലാണ് ഭക്ഷ്യപരിശോധന ലാബിന്റെ നിർമാണം പൂർത്തിയായിരിക്കുന്നത്. അവസാനഘട്ട മിനുക്കുപണികളാണ് നടക്കുന്നത്. ഒക്ടോബറിൽ ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലാണ് വകുപ്പ്.
11 സെന്റ് വസ്തുവിൽ 2022 നവംബംറിലാണ് ലാബിന് തറക്കല്ലിട്ടത്. 3.1 കോടി രൂപ ചെലവിൽ മൂന്നുനിലകളിലായാണ് ലാബ് കെട്ടിടം. കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡിവലപ്‌മെന്റിന്റെ (സിഎഫ്ആർഡിസി) ഫണ്ടിലാണ് നിർമാണം നടക്കുന്നത്. കെട്ടിടത്തിന്റെ ഒന്നാംനിലയിൽ ഓഫീസ്, മൈക്രോ ബയോളജി ലാബ്, സ്റ്റോർ, ശൗചാലയം എന്നിവ ഉണ്ടാകും. രണ്ടാംനിലയിൽ ലാബും മൂന്നാംനിലയിൽ വിശദപരിശോധനകൾക്കുള്ള അത്യാധുനിക ഉപകരണങ്ങളും സ്ഥാപിക്കും. വെള്ളം, ഭക്ഷണപദാർത്ഥങ്ങൾ എന്നിവ ഇവിടെ പരിശോധിക്കാം.
ടെക്‌നിക്കൽ അസിസ്റ്റന്റ്, റിസർച്ച് ഓഫീസർ, ഓഫീസ് അറ്റൻഡർ എന്നിങ്ങനെ മൂന്ന് തസ്തികകളിൽ ഓരോരുത്തർ വീതമാണ് നിലവിലെ ലാബിലുള്ളത്. പുതിയ ലാബിലേക്കായി ഒൻപത് നിയമനം നടന്നിട്ടുണ്ട്. അനലിസ്റ്റ്, റിസർച്ച് ഓഫീസർ, രണ്ട് ജൂനിയർ റിസർച്ച് ഓഫീസർ, രണ്ട് ടെക്നിക്കൽ അസിസ്റ്റന്റ്, രണ്ട് ലാബ് അസിസ്റ്റന്റ്, കെമിസ്റ്റ് എന്നിങ്ങനെയാണ് പുതിയനിയമനം. മുപ്പതിലധികം ജീവനക്കാർക്ക് ജോലിചെയ്യാൻ കഴിയുന്നരീതിയിലാണ് ലാബ് ക്രമീകരിച്ചിരിക്കുന്നത്. വരുംനാളുകളിൽ കൂടുതൽപേരെ നിയമിക്കാനാകുമെന്നാണ് അധികൃതകരുടെ പ്രതീക്ഷ. പരിശോധനകൾക്കാവശ്യമായ മൈക്രോബയോളജി ഉപകരണങ്ങൾ തിരുവനന്തപുരം, എറണാകുളം ഓഫീസിൽനിന്ന് എത്തിക്കും.
ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും ഭക്ഷണസാധനങ്ങൾ ഇപ്പോൾ പരിശോധിക്കുന്നത് തിരുവനന്തപുരത്തെ ലാബിലയച്ചാണ്. ജില്ലയിൽനിന്ന് 40 സാമ്പിളുകളോളം ഒരുമാസം പരിശോധനയ്ക്കായി അയയ്ക്കുന്നുണ്ട്. എന്നാൽ പരിശോധനാഫലം ലഭിക്കുന്നത് ഒരുമാസം വൈകിയാവും. ഇത് തുടർനടപടി വൈകാനും കാരണമായിരുന്നു. പത്തനംതിട്ട മാർക്കറ്റ് റോഡിന് സമീപമുള്ള പഴയലാബിൽ കുടിവെള്ള പരിശോധനയ്ക്കുള്ള സൗകര്യം മാത്രമാണുള്ളത്. പുതിയ ലാബ് വരുന്നതോടെ വിവിധ സൂക്ഷ്മാണു പരിശോധനകൾ, കീടനാശിനി പരിശോധനകൾ എന്നിവ നടത്താൻ മറ്റ് ജില്ലകളെ ആശ്രയിക്കേണ്ടിവരില്ല. പുതിയലാബിൽ പൊതുജനങ്ങൾക്കും നിശ്ചിതതുക അടച്ച് ഭക്ഷണം പരിശോധനയ്ക്കായി നൽകാനാകും.
food examination laboratary

