സംസ്ഥാനത്തെ ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെന്ന് മന്ത്രി വീണ ജോർജ്
പത്തനംതിട്ട: സംസ്ഥാനത്തെ ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെന്ന് മന്ത്രി വീണ ജോർജ്. പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി സർക്കാർ ഹൈസ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ 2000 ത്തിന് ശേഷവും ഇന്ത്യയിൽ 2011നു ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അയൽ രാജ്യങ്ങളായ പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് വാക്സിൻ നൽകുന്നത്.
കുഞ്ഞുങ്ങളെ രോഗമുക്തരാക്കി ജീവിത നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. അഞ്ചു വയസ്സിന് താഴെയുള്ളവർക്കാണ് തുള്ളിമരുന്ന് നൽകുന്നത്. 21,11,010 കുട്ടികൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുള്ളിമരുന്ന് നൽകും. ബൂത്തുകളിൽ തുള്ളിമരുന്ന് നൽകാൻ കഴിയാത്തവർക്ക് 13നും 14നും വളന്റിയർമാർ വീട്ടിലെത്തി തുള്ളിമരുന്ന് നൽകും. വനിത ശിശു വികസനം, തദ്ദേശ വകുപ്പുകൾ, റോട്ടറി ഇന്റർനാഷനൽ, നാഷനൽ സർവീസ് സ്കീം, മറ്റു സന്നദ്ധ സംഘടനകള് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജോർജ് എബ്രഹാം അധ്യക്ഷത വഹിച്ചു.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, അഡീഷനൽ ഡയറക്ടർ ഡോ. വി. മീനാക്ഷി, ലോകാരോഗ്യ സംഘടന പ്രതിനിധികളായ ഡോ. സൈറ ഭാനു, ഡോ. ആശ രാഘവൻ, ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. അജയകുമാർ, അംഗം സാറ തോമസ്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിര ദേവി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സാലി ലാലു, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്, അംഗങ്ങളായ ഗീതു മുരളി, ബിജലി പി. ഈശോ, റോട്ടറി ജില്ല പ്രോജക്ട് ഓഫിസ് ചീഫ് കൺവീനർ നിഷ ജോസ്, ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ അനിതകുമാരി, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ, സ്റ്റേറ്റ് മാസ് എജുക്കേഷൻ മീഡിയ ഓഫീസർ ജെ. ഡോമി, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. കെ. കെ. ശ്യാംകുമാർ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക് ജില്ല സെക്രട്ടറി ഡോ. ബിബിൻ സാജൻ, കോഴഞ്ചേരി ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. നിതീഷ് ഐസക് സാമുവൽ, ജില്ല എജുക്കേഷൻ മീഡിയ ഓഫിസർ എസ്. ശ്രീകുമാർ, റോട്ടറി റവന്യൂ ജില്ല ഡയറക്ടർ ഷാജി വർഗീസ്, റോട്ടറി അസി.ഗവർണർ പ്രമോദ് ഫിലിപ്പ്, കോഴഞ്ചേരി റോട്ടറി ക്ലബ് പ്രസിഡന്റ് ബിജു എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
there-has-been-no-polio-outbreak-in-the-state-since-2000-minister-veena