പള്ളിക്കൽ നിവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമായി 22 മുതൽ പള്ളിക്കൽ വഴി കെഎസ്ആർടിസി സർവീസ് തുടങ്ങി.
അടൂർ∙ പള്ളിക്കൽ നിവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമായി 22 മുതൽ പള്ളിക്കൽ വഴി കെഎസ്ആർടിസി സർവീസ് തുടങ്ങി. ഡിപ്പോയിൽ നിന്ന് രാവിലെ 7.40നാണ് പള്ളിക്കൽ വഴിയുള്ള സർവീസ് ആരംഭിക്കുന്നത്. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഫ്ലാഗ്ഓഫ് ചെയ്യും. അടൂരിൽ നിന്ന് തുടങ്ങി പഴകുളം, പള്ളിക്കൽ, ആനയടി വഴി ശൂരനാട്ടേക്കാണ് ആദ്യ ട്രിപ്. 8.50ന് ഈ സർവീസ് ശൂരനാട്ടു നിന്ന് തിരിച്ച് ആനയടി, പള്ളിക്കൽ, പഴകുളം, അടൂർ, പത്തനംതിട്ട, കോന്നി മെഡിക്കൽ കോളജിലേക്ക് സർവീസ് നടത്തും.
തുടർന്ന് 11.30ന് കോന്നി മെഡിക്കൽ കോളജിൽ നിന്ന് പത്തനംതിട്ട, അടൂർ, പള്ളിക്കൽ, ആനയടി വഴി കൊട്ടാരക്കരയിലേക്കും 2.20ന് കൊട്ടാരക്കരയിൽ നിന്ന് ആനയടി, പള്ളിക്കൽ, അടൂർ, തട്ട വഴി പത്തനംതിട്ടയിലേക്കും പത്തനംതിട്ടയിൽ നിന്ന് 4.20ന് അടൂർ, പഴകുളം, പള്ളിക്കൽ, ആനയടി വഴി ശൂരനാട്ടേക്കും തിരിച്ച് 6.10ന് ശൂരനാട്ടു നിന്ന് ആനയടി, പള്ളിക്കൽ, പഴകുളം വഴി അടൂരിലേക്കുമാണ് സർവീസ് നടത്തുന്നത്.
കോവിഡിനു മുൻപു വരെ സർവീസ് ഉണ്ടായിരുന്നതാണ്. പ്രദേശവാസികൾ ഉൾപ്പെടെയുള്ളവരുടെ പോരാട്ടത്തിനൊടുവിലാണ് പള്ളിക്കൽ വഴി കെഎസ്ആർടിസി സർവീസ് തുടങ്ങാൻ തീരുമാനമായത്. പള്ളിക്കൽ വഴി സ്വകാര്യ ബസ് സർവീസ് തുടങ്ങാൻ മംഗലത്ത് ഗ്രൂപ്പിന് അനുമതി ലഭിച്ചെങ്കിലും ഇതുവരെ പെർമിറ്റ് നൽകിയില്ല. അടൂർ– പഴകുളം– പയ്യനല്ലൂർ– മേക്കുന്നുമുകൾ– കള്ളപ്പൻചിറ വഴിയുള്ള സർവീസിനാണ് അനുമതി ലഭിച്ചിരുന്നത്. എന്നാൽ പെർമിറ്റ് നൽകുന്നതിനുള്ള നടപടികൾ നീണ്ടുപോവുകയാണ്.
ksrtc-pallickal-service