സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ച് ആശാവർക്കേഴ്സ്
തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ച് ആശാവർക്കേഴ്സ്. 266 ദിവസം നീണ്ട സമരമാണ് മഹാപ്രതിജ്ഞാ റാലിയോടെ അവസാനിപ്പിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാവർക്കേഴ്സിന്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് പ്രതിജ്ഞാറാലി ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. സമരം അവസാനിപ്പിക്കുകയല്ലെന്നും സർക്കാരിൻ്റെ പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കുന്നതുവരെ പുതിയ ഊർജ്ജവുമായി മടങ്ങിവരുമെന്നും സമരസമിതി നേതാവ് എസ് മിനി പറഞ്ഞു.
എംഎൽഎമാരായ രമേശ് ചെന്നിത്തല, കെ കെ രമ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ആശമാരുടെ ഓണറേറിയം 1000 രൂപ പ്രഖ്യാപിച്ചതിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഓണറേറിയം 21000 രുപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം. സമരം ഒരു വർഷം തികയുന്ന 2026 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
asha-workers-end-day-night-strike-in-front-of-secretariat
