ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍.വാസുവിന്റെ ഗോഡ്ഫാദര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതു വരെ കോണ്‍ഗ്രസിന് വിശ്രമമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.
തിരുവനന്തപുരം∙ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍.വാസുവിന്റെ ഗോഡ്ഫാദര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതു വരെ കോണ്‍ഗ്രസിന് വിശ്രമമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഴുവന്‍ കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നും ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍.വാസു സിപിഎം ബാനറില്‍ മത്സരിച്ച് വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എന്നിട്ട് ഇപ്പോള്‍ അദ്ദേഹത്തെ വെറും ഉദ്യോഗസ്ഥനായി മാത്രമാണ് പാര്‍ട്ടി സെക്രട്ടറി ചിത്രീകരിക്കുന്നത്. വിശ്വാസിയായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണനെ പുറത്താക്കിയിട്ടാണ് സിപിഎം ഇത്തരക്കാരെ നിയമിച്ചത്. 2019 മുതല്‍ 2025 വരെയുള്ള ദേവസ്വം ബോര്‍ഡുകള്‍ സ്വര്‍ണക്കൊള്ള നടത്തി. അയ്യപ്പ വിശ്വാസികള്‍ ആരാധിക്കുന്ന ശബരിമലയിലെ സ്വര്‍ണ്ണം അട്ടിച്ചുമാറ്റാന്‍ സാഹചര്യം ഒരുക്കിയ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഒരക്ഷരം മിണ്ടുന്നില്ല. പിണറായി വിജയനറിയാതെ ഇലയനങ്ങില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇനിയും നിരവധി പേര്‍ ജയില്‍ പോകണ്ടവരുണ്ടെന്നും അത് എന്‍.വാസുവില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കള്ളന്മാര്‍ക്ക് കഞ്ഞിവെയ്ക്കുന്ന സര്‍ക്കാരാണിത്. തിരഞ്ഞെടുപ്പിന്റെ മറവില്‍ ഇതില്‍ നിന്ന് രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതണ്ട. ജനകീയ കോടതിയിലും നിയമ കോടതിയിലും ഈ കള്ളന്മാരെ ജനം വിചാരണ ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് സ്വാഗതം പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എംപി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ എംഎം ഹസന്‍, കെ.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
sabarimala-gold-scam-investigation-kc-venugopal-kerala-government-criticism

