ശബരിമല തീർഥാടനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിലെ തീർഥാടനപാതയിലെ 82 പ്രധാന റോഡുകളുടെ നവീകരണത്തിന് സർക്കാരിന്റെ ഭരണാനുമതി.
പത്തനംതിട്ട ∙ ശബരിമല തീർഥാടനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിലെ തീർഥാടനപാതയിലെ 82 പ്രധാന റോഡുകളുടെ നവീകരണത്തിന് സർക്കാരിന്റെ ഭരണാനുമതി. 388.6 കോടിയുടെ രൂപയാണ് അപേക്ഷിച്ചതെങ്കിലും 377.8 കോടിയാണ് അനുവദിച്ചിരിക്കുന്നത്. മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്രത്തിൽ 16 നാണ് നട തുറക്കുന്നതെന്നിരിക്കെ 6നാണ് നവീകരണ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്.
സംസ്ഥാനത്തെ 82 റോഡുകളുടെ നവീകരണത്തിനാണു ഭരണാനുമതി ലഭിചത്. എസ്റ്റിമേറ്റ് തയാറാക്കൽ തുടർന്നുള്ള ടെൻഡർ നടപടികൾ തുടങ്ങിയ നടപടികൾ പൂർത്തിയാക്കാനായി ഇനിയും കാലതാമസം നേരിടും. ഉന്നത നിലവാരമായ ബിഎംബിസി റോഡ് ടാറിങ്, മറ്റ് പൊതുവായ അറ്റകുറ്റപ്പണികൾ എന്നിവയ്ക്കാണു ഭരണാനുമതി ലഭിച്ചത്. കഴിഞ്ഞ മണ്ഡലകാലം ആരംഭിക്കുന്നതിനു തൊട്ട് മുൻപും ഇത്തരത്തിലുള്ള റോഡിലെ അറ്റകുറ്റപ്പണികൾ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു.
നവീകരണം നടത്തുന്ന പ്രധാന റോഡുകൾ, അനുമതി ലഭിച്ച തുക
∙ പന്നിക്കുഴി–തേക്കേൽപടി റോഡ്, ഊന്നുകൽ–മുരിപ്പാറ റോഡ്, ഊന്നുകൽ– കാരഞ്ചേരി വെട്ടത്തേത്തുപടി റോഡ്, എൻഎസ്എസ് കരയോഗം ജംക്‌ഷൻ മാത്തൂർ ഗവ.ഐടിഐ വരെയുള്ള ഭാഗം, 10 കോടി
∙ കല്യാണിമുക്ക്–അലിമുക്ക് റോഡ്, 5.5 കോടി
∙ പബ്ലിക് ഓഫിസ് റോഡ്, ടെംപിൾ റോഡ്, പോസ്റ്റ് ഓഫിസ് റോഡ്, തിരുവല്ല പുളിക്കീഴ് റോഡ് മുതൽ കുളക്കാട്ടിൽ റോഡ് വരെ, പഴയ കായംകുളം– തിരുവല്ല റോഡ്, ബഥനി ചർച്ച് റോഡ്. 4.2 കോടി
∙ പന്നിവിഴ– പറക്കോട്– തെപ്പുപാറ റോഡ്, 4 കോടി
∙ അടൂർ– പട്ടാഴി റോഡ്, 3.5 കോടി
∙ മണ്ണാറക്കുളഞ്ഞി– പുതുകുളം റോഡ്, പൊതിപ്പാട് മുണ്ടയ്ക്കൽ കുമ്പളാംപൊയ്ക റോഡ്, തലച്ചിറ പോതുപ്പാറ റോഡ്, ആഞ്ഞിലിക്കുന്ന്– ഇരുമ്പൻതോട് മലയാലപ്പുഴ റോഡ്, 13 കോടി
sabarimala-road-renovation.
