കായംകുളം ഫിലിപ്പോസ് റമ്പാൻ സ്‌മാരക 12-ാമത് വേദരത്ന പുരസ്കാരം ഗായകൻ കെ.ജി. മാർക്കോസിന് സമ്മാനിച്ചു
അടൂർ : കായംകുളം ഫിലിപ്പോസ് റമ്പാൻ സ്‌മാരക 12-ാമത് വേദരത്ന പുരസ്കാരം ഗായകൻ കെ.ജി. മാർക്കോസിന് സമ്മാനിച്ചു. ഫിലിപ്പോസ് റമ്പാന്റെ 213-ാമത് ഓർമ്മപ്പെരുനാളിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ ഓർത്തഡോക്സ് സഭ അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത പുരസ്കാരം സമ്മാനിച്ചു. 25,001 രൂപയും ഫലകമുമായിരുന്നു സമ്മാനം. നൂറോളം സിനിമകളിലും നാലായിരത്തോളം സിഡികളിലുമായി 15,000 ഗാനങ്ങൾ പാടുകയും ക്രിസ്തീയഗാനമായ ‘ഇസ്രായേലിൻ നാഥനായി’ എന്ന ഗാനത്തിലൂടെ ജാതിമതഭേദമെന്യേ എല്ലാവരാലും ആദരിക്കപ്പെടുന്ന വ്യക്തിയെന്ന നിലയിൽ പരിഗണിച്ചാണ് വേദരത്ന പുരസ്കാരത്തിന് കെ.ജി. മാർക്കോസിനെ തിരഞ്ഞെടുത്തത്.
ഫിലിപ്പോസ് റമ്പാൻ കബറടങ്ങിയിരിക്കുന്ന അടൂർ കണ്ണംകോട് സെയ്ന്റ് തോമസ് കത്തീഡ്രലാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ഇടവക വികാരി ഫാ. ഫിലിപ്പോസ് ഡാനിയേൽ, സഹ വികാരി ഫാ.ജുബിൻരാജ്, പുരസ്‌കാര കമ്മിറ്റി കൺവീനർ പ്രൊഫ.ഡി.കെ. ജോൺ, സി.തോമസ് അറപ്പുരയിൽ കോർ എപ്പിസ്കോപ്പ, ബാബു കുളത്തൂർ, തോമസ് പേരയിൽ, ഷിബു ചിറക്കരോട്ട്, ഡോ.വർഗീസ് പേരയിൽ, ബേബി ജോൺ, ഷിബു ബേബി എന്നിവർ പങ്കെടുത്തു.
vedharetna puraskaram
