ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിന് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ്
തിരുവനന്തപുരം∙ ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിന് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ്. സ്ഥിരം ക്രിമിനലുകളെ കണ്ടെത്താന്‍ എഐ അധിഷ്ഠിത സിസിടിവിയുടെ സേവനം ഉപയോഗപ്പെടുത്തും. സുരക്ഷിതമായ തീര്‍ഥാടനത്തിന് ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും 18,741 പോലീസുകാരെ വിന്യസിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ നിലയ്ക്കലില്‍ പറഞ്ഞു.
ആറ് ഘട്ടങ്ങളായി തീര്‍ഥാടന കാലയളവ് പൂര്‍ത്തിയാകുന്നതു വരെയുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിങ്ങനെ മൂന്നുമേഖലകളായി തിരിച്ചാണ് സുരക്ഷ ഒരുക്കുന്നത്. എസ്പിമാര്‍ മുതല്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വരെയുള്ളവരെ വിന്യസിക്കും. തീര്‍ഥാടകരുടെ സുരക്ഷയ്‌ക്കൊപ്പം ട്രാഫിക് ലംഘനങ്ങളും അപകടവും ഉണ്ടാകാതിരിക്കാന്‍ ബൈക്ക്, മൊബൈല്‍ പട്രോളിംഗ് എന്നിവ ഉണ്ടാകും. പ്രധാന സ്ഥലങ്ങളില്‍ പൊലീസ് കമാന്‍ഡോകളെ വിന്യസിക്കും.
പ്രധാന വാഹന പാര്‍ക്കിങ് മേഖല നിലയ്ക്കല്‍ ആണെന്നും അനധികൃത പാര്‍ക്കിങ് അനുവദിക്കുകയില്ലെന്നും പൊലീസ് മേധാവി പറഞ്ഞു. ഇവിടങ്ങളില്‍ ആവശ്യത്തിന് സിസിടിവി, ശൗചാലയങ്ങള്‍ എന്നിവ ഉറപ്പാക്കും. ഇടത്താവളങ്ങളില്‍ പ്രത്യേക പൊലീസ് സംവിധാനം ക്രമീകരിക്കും. പമ്പാതീരത്ത് ബാരിക്കേഡ്, ലൈഫ് ഗാര്‍ഡ്, മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ക്യൂ കോപ്ലെക്‌സുകളില്‍ തിരക്ക് നിയന്ത്രിക്കും. പമ്പാ നദിക്കരയില്‍ പുതുതായി നിര്‍മ്മിച്ച ജര്‍മ്മന്‍ ഷെഡുകളില്‍ 4000 പേരെ വരെ ഉള്‍ക്കൊള്ളാനാകും.
kerala-police-ensures-sabarimala-pilgrimage-comprehensive-security-plan-safety-preparations
