ഡ്രൈവർമാർ കാണാത്തിടത്ത് അധികൃതർ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് മാറ്റിസ്ഥാപിക്കാൻ നടപടിയില്ല
മല്ലപ്പള്ളി ∙ ഡ്രൈവർമാർ കാണാത്തിടത്ത് അധികൃതർ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് മാറ്റിസ്ഥാപിക്കാൻ നടപടിയില്ല. സെൻട്രൽ ജംക്‌ഷനിൽ ഗതാഗതം നിയന്ത്രിക്കാൻ പൊലീസുമില്ല. ടൗണിൽകൂടി വാഹനങ്ങൾ പോകുന്നത് അപകടഭീതിയിൽ.കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിൽ സെൻട്രൽ ജംക്‌ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റിനോടു ചേർന്ന് ഗതാഗത മുന്നറിയിപ്പു ബോർഡ് മാസങ്ങൾക്കു മുൻപാണ് സ്ഥാപിച്ചത്. എന്നാൽ, ഇത് വൺവേ നിയമം പാലിക്കുന്നതിനു പ്രയോജനപ്പെടുന്നില്ല. ഇവിടെനിന്നു നേരെ തിരുവല്ല റോഡിലേക്കു വാഹനങ്ങൾ പ്രവേശിക്കരുതെന്നുള്ള അറിയിപ്പാണു ബോർഡിലുള്ളത്. വാഹന ഡ്രൈവർമാർക്ക് കാണാൻ കഴിയാത്ത സ്ഥലത്താണു ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
ബോർഡ് വച്ചതിനുശേഷവും വൺവേ റോഡിലൂടെ തിരുവല്ല റോഡിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്നതു തുടരുകയാണ്.നാമമാത്രമായ വൺവേ സംവിധാനമുള്ള ടൗണിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും വാഹനങ്ങൾ പായുന്നതു കാരണം ഏതുനിമിഷവും അപകടമുണ്ടാകാം. കോട്ടയം ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങളാണ് ഇത്തരത്തിൽ പോകുന്നത്. സെൻട്രൽ ജംക്‌ഷനിലെ ഡിവൈഡറിനു മുന്നിലായി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചാൽ പ്രശ്നപരിഹാരം കണ്ടെത്താനാകുമെന്നാണ് യാത്രക്കാർ പറയുന്നത്.തിരുവല്ല ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ കോഴഞ്ചേരി റോഡിലേക്കു പ്രവേശിക്കുന്നത് തടയുന്നതിനും പ്രവേശനമില്ല ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതും ഡ്രൈവർമാർക്ക് കാണാൻ കഴിയാത്ത സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നതെന്നാണു യാത്രക്കാരുടെ പരാതി.
mallappally-traffic-safety
