ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട സെഷൻസ് കോടതി തള്ളി.
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട സെഷൻസ് കോടതി തള്ളി. ദ്വാരപാലക ശിൽപ പാളികൾ കവർന്ന കേസിലെ നാലാം പ്രതിയാണ് ജയശ്രീ. ദേവസ്വം മിനിറ്റ്സിൽ തിരുത്തൽ വരുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ ഇവരാണ് കൈമാറിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ദ്വാരപാലക ശിൽപപാളികളിൽ സ്വർണം പൂശുന്നത് ഉൾപ്പെടെയുള്ള ജോലികൾ തിരുവാഭരണം കമീഷണറുടെ മേൽനോട്ടത്തിൽ പൂർത്തിയാക്കാൻ അനുവാദം നൽകാനായിരുന്നു ദേവസ്വം ബോർഡ് തീരുമാനം. എന്നാൽ, ഈ തീരുമാനം ഉത്തരവായി പുറത്തിറക്കിയ അന്നത്തെ ബോർഡ് സെക്രട്ടറി എസ്. ജയശ്രീ ഇതിൽ തിരുത്തൽ വരുത്തി. പാളികളും തകിടുകളും സ്വർണം പൂശുന്നതിനായി ഇളക്കി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കൊടുത്തുവിടാമെന്ന് ഇവർ എഴുതിച്ചേർക്കുകയായിരുന്നു.
തനിക്കെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഗുരുതര ആരോഗ്യ പ്രശ്നമുണ്ടെന്നും കാട്ടിയാണ് ജയശ്രീ സെഷൻസ് കോടതിയെ സമീപിച്ചത്. നേരത്തേ ഇവർ നൽകിയ ഹരജി ഹൈകോടതി തള്ളിയിരുന്നു. സെഷൻസ് കോടതിയെ സമീപിക്കാൻ നിർദേശിച്ചായിരുന്നു ഹൈകോടതി നടപടി. ബോർഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ഉണ്ടായതെന്നും തെറ്റുചെയ്തിട്ടില്ലെന്നുമാണ് സെഷൻസ് കോടതിയിലെ ഹരജിയിൽ ജയശ്രീ വിശദീകരിച്ചതെങ്കിലും കോടതി അംഗീകരിച്ചില്ല.
2017 ജൂലൈ മുതൽ 2019 ഡിസംബർ വരെ ജയശ്രീയായിരുന്നു ദേവസ്വം ബോർഡ് സെക്രട്ടറി. അതിനുശേഷം 2020 മേയിൽ വിരമിക്കുംവരെ തിരുവാഭരണം കമീഷണറായും പ്രവർത്തിച്ചു. തിരുവല്ല സ്വദേശിനിയായ ഇവർ നിലവിൽ എറണാകുളം കാക്കനാടാണ് താമസം.
jayashrees-anticipatory-bail-plea-rejected-in-sabarimala-gold-missing-row-
