ശബരിമല സ്വർണക്കൊള്ളക്കെതിരെ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ വൈറലായ ‘പോറ്റിയെ കേറ്റിയേ, സ്വർണം ചെമ്പായ് മാറ്റിയേ...’ പാട്ടിനെതിരെ സി.പി.എം നേതാവ് എ.എ. റഹീം എം.പി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കെതിരെ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ വൈറലായ ‘പോറ്റിയെ കേറ്റിയേ, സ്വർണം ചെമ്പായ് മാറ്റിയേ...’ പാട്ടിനെതിരെ സി.പി.എം നേതാവ് എ.എ. റഹീം എം.പി. ‘പോറ്റിയേ കേറ്റിയേ..’ എന്ന അയ്യപ്പ പാട്ടിന്റെ പാരഡി ഗാനത്തിലാണ് കോൺഗ്രസ് ഊന്നിയതെന്നും മൈക്ക് അനൗൺസ്മെന്റുകളിൽ പോലും ശരണം വിളി മന്ത്രങ്ങൾ കൊണ്ട് നിറയക്കാൻ ശ്രമിക്കുകയാണെന്നും റഹീം ചാനൽ ചർച്ചയിൽ ആരോപിച്ചു.
‘ഈ തിരഞ്ഞെടുപ്പിലുടനീളം ഞങ്ങൾ പറയാൻ ശ്രമിച്ചത് ക്ഷേമവും വികസനവും ഇനിയും നടപ്പിലാക്കാൻ പോകുന്ന നവകേരളത്തെകുറിച്ചുമാണ്. എന്നാൽ അവർ പറയാൻ ശ്രമിച്ചത് പൂർണമായും വിശ്വാസമാണ്. കോൺഗ്രസ് സ്വർണപ്പാളിയുമായി ബന്ധപ്പെട്ട അയ്യപ്പ പാരഡി പാട്ടിലാണ് ഊന്നിയത്. മൈക്ക് അനൗൺസ്മെന്റുകളിൽ പോലും ശരണം വിളി മന്ത്രങ്ങൾ കൊണ്ട് നിറക്കാൻ ശ്രമിക്കുകയാണ്.
ഇടതു മുന്നണിയല്ല ഭരിച്ചിരുന്നത് എങ്കിൽ, ഇത്തരം ഒരു സന്ദർഭം കോൺഗ്രസിന്റെ ഭരണകാലത്ത് ഉണ്ടായാൽ സത്യസന്ധമായ അന്വേഷണം നടക്കുമോ? കേരളത്തിൽ ഇപ്പോൾ സ്വർണപ്പാളി വിഷയത്തിൽ സിപിഎം എടുത്ത ഒരു നിലപാടുണ്ട്. ഗവൺമെന്റ് ഒരു കുറ്റവാളിയെയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ല. ദേ ഈ നിമിഷം വരെ എസ്.ഐ.ടിയുടെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഹൈക്കോടതി എസ്.ഐ.ടിയുടെ അന്വേഷണത്തിൽ ഒരല്പമെങ്കിലും പക്ഷപാതിത്വം ഉണ്ടെന്ന ആരോപണം ഉന്നയിച്ചിട്ടില്ല. ഒരു സംശയം പോലും ഉന്നയിച്ചിട്ടില്ല. ഈ ഗവൺമെന്റിന്റെ കീഴിലുള്ള എസ്.ഐ.ടിയെ പൂർണമായി വിശ്വാസത്തിലെടുത്താണ് പോയിക്കൊണ്ടിരിക്കുന്നത്. ഇതുപോലെ ഒരു കാര്യം യു.ഡി.എഫിന്റെ ഭരണകാലത്താണെങ്കിൽ പ്രതീക്ഷിക്കാൻ പറ്റുമോ?
ഞങ്ങൾ നടത്തിയ വികസനത്തെകുറിച്ചോ നടപ്പിലാക്കാൻ പോകുന്ന വികസന പദ്ധതികളെകുറിച്ചോ കോൺഗ്രസിന് ഒരു അഭിപ്രായവും പറയാനില്ല. കോൺഗ്രസ് ഇന്നെടുത്ത സമീപനം എന്താ? ഇന്ന് പാർലമെന്റിന്റെ മുമ്പിൽ നിന്ന് കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള എം.പിമാർ ഈ പാട്ടു പാടുകയാണ്. പാർലമെന്റിന്റെ മുമ്പിൽ ഈ കേരളം മഹാകുഴപ്പമാണെന്നും കേരളത്തിൽ മഹാ കുഴപ്പമാണെന്നും വരുത്തിത്തീർക്കുന്നു. രാജ്യത്തിന്റെ മുമ്പിൽ കേരളത്തിനെതിരായ ഹേറ്റ് കാമ്പയിൻ നടത്തുന്നത് സാധാരണ ബി.ജെ.പി ആണ്. ഇപ്പോൾ ആ ബി.ജെ.പിയുടെ ചുവട് പിടിച്ച് പാർലമെന്റിന്റെ മുമ്പിൽ നിന്ന് ഇവർ പാട്ടുപാടുകയാണ്. എന്താണ് അവർ ആവശ്യപ്പെടുന്നത്? സെൻട്രൽ ഏജൻസി വരണമെന്നാണ്. സെൻട്രൽ ഏജൻസികളെ എന്നാണ് കോൺഗ്രസ് വിശ്വസിക്കാൻ തുടങ്ങിയത്? എന്ത് ഇരട്ടത്താപ്പാണ് കോൺഗ്രസ് എടുക്കുന്നത്?
ജമാഅത്തെ ഇസ്‍ലാമിയെ കുറിച്ച് ഞങ്ങൾ മുഖപ്രസംഗം എഴുതിയ ഘട്ടം ഏതാണ്? അത് ഒരു ഗ്ലോബൽ ഇഷ്യൂവിൽ അമേരിക്ക വിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ നിലപാട് അവർ സ്വീകരിച്ച സന്ദർഭത്തിലാണ് ഞങ്ങൾ ആ നിലപാട് സ്വീകരിച്ചത്. നിങ്ങളുടെ സഹായത്തിലല്ലേ ബാബരി മസ്ജിദ് തകർക്കപ്പെട്ടത്?’ -റഹീം ചോദിച്ചു.
aa-rahim-against-pottiye-kettiye-song
