പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തിൽപെട്ട സംഭവം; എതിർവാഹനത്തിന്റെ ഡ്രൈവർക്കെതിരെ കേസ്
പത്തനംതിട്ട: ജില്ല കലക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തിപ്പെട്ട സംഭവത്തിൽ എതിർദിശയിൽ നിന്നെത്തിയ ഇന്നോവ കാറിന്റെ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതിനാണ് കൊല്ലം രണ്ടാംകുറ്റി സ്വദേശി നിയാസിനെതിരെ കോന്നി പൊലിസ് കേസെടുത്തത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾകൂടി പരിശോധിച്ചാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെ കോന്നി മാമൂടിന് സമീപമായിരുന്നു അപകടം. കോന്നി ഭാഗത്ത് നിന്നും വന്ന നിയാസും കുടുംബവും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കലക്ടറുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കലക്ടർ സഞ്ചരിച്ചിരുന്ന കാർ റോഡിൽ തലകീഴായി മറിഞ്ഞു.
കലക്ടർക്കും ഗൺമാനും ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ കലക്ടർ പ്രേം കൃഷ്ണൻ ഡിസ്ചാർജായി. കലക്ടറുടെ ഗൺമാൻ മനോജ്, ഡ്രൈവർ കുഞ്ഞുമോൻ എന്നിവരും പിന്നീട് ആശുപത്രി വിട്ടു.
collectors-vehicle-involved-in-accident-case-filed-against-driver-of-opposing-vehicle
