പന്തളത്തെ ഓട്ടോറിക്ഷ തൊഴിലാളികളും യാത്രക്കാരും ഭീതിയിൽ;കാലപ്പഴക്കംകൊണ്ട് ജീർണാവസ്ഥയിലായ നഗരസഭാ കടമുറികളാണ് തലയ്ക്ക് മുകളിൽ തകർന്നുവീഴാറായി ഭീഷണി ഉയർത്തുന്നത്
പന്തളം : ബസ് സ്റ്റാൻഡിലേക്ക് കയറാൻ യാത്രക്കാർക്കും പുറത്ത് വഴിയരികിൽ വാഹനമിട്ട് ഓട്ടംകാത്തുകിടക്കാൻ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും ഭയമാണ്. കാലപ്പഴക്കംകൊണ്ട് ജീർണാവസ്ഥയിലായ നഗരസഭാ കടമുറികളാണ് തലയ്ക്ക് മുകളിൽ തകർന്നുവീഴാറായി ഭീഷണി ഉയർത്തുന്നത്. പഞ്ചായത്തായിരുന്ന കാലത്ത് വർഷങ്ങൾക്കുമുൻപ് പണിത കെട്ടിടമാണ് അൺഫിറ്റായിട്ടും പൊളിച്ചുനീക്കാതെ ഇപ്പോഴും വാടകയ്ക്ക് നൽകി പണമുണ്ടാക്കുന്നത്.
നഗരസഭാ കെട്ടിടത്തിന്റെ മുകളിലുള്ള സിമന്റ് കൈവരി ഏതു നിമിഷവും തകർന്നുവീഴാം. കടകൾ വാടകയ്ക്ക് നൽകുന്നതല്ലാതെ പണി കഴിഞ്ഞശേഷം ഇന്നേവരെ പുനരുദ്ധാരണമൊന്നും നടക്കാത്ത കെട്ടിടമാണിത്. കെട്ടിടത്തിന് മുകളിലെ കൈവരിയിൽ മരം കിളിർത്ത് വിണ്ടുകീറി നിലംപൊത്താവുന്ന അവസ്ഥയിലാണ്. താഴെ ഓട്ടോറിക്ഷയുടെ പാർക്കിങ് സ്ഥലവും നടപ്പാതയുമാണുള്ളത്. ബസ് സ്റ്റാൻഡിൽനിന്ന് പുറത്തേക്കിറങ്ങുന്ന ഭാഗത്ത് മുകളിൽനിന്നു വലിയ സിമന്റുപാളി മുമ്പ് അടർന്നുവീണെങ്കിലും താഴെ ആളുകളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
പണം പിരിക്കാൻ കാണിക്കുന്ന ശുഷ്‌കാന്തി കെട്ടിടം പുതുക്കിപ്പണിയാൻകൂടി കാണിച്ചാൽ ആളുകൾക്ക് പേടിക്കാതെ കഴിയാമെന്നാണ് യാത്രക്കാരുടെ പക്ഷം. വാടക കുടിശ്ശിക അടയ്ക്കാത്തതിന്റെയും കരാർ പുതുക്കാത്തതിന്റെയും പേരിൽ കടമുറികൾ നഗരസഭാ അധികാരികൾ പൂട്ടിയിട്ടിരുന്നു. യഥാസമയത്ത് ജീവനക്കാർ ചെയ്യേണ്ട ജോലി കൃത്യമായി ചെയ്യാത്തതിനാൽ നഗരസഭയ്ക്ക് പിരിച്ചെടുക്കാനുള്ളത് വലിയ തുകയായിരുന്നു. ജീർണാവസ്ഥയിലായ കമ്യൂണിറ്റി ഹാൾ 2018-ൽ പൊളിച്ചുനീക്കിയിരുന്നു. എൻജിനിയറിങ് വിഭാഗം അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകി മൂന്ന് വർഷത്തിനുശേഷമായിരുന്നു നടപടി. കെട്ടിടത്തിന്റെ ചോർച്ചകാരണം പല വ്യാപാരികളും മുകളിൽ ഷീറ്റ് വിരിച്ചിരിക്കുകയാണ്.
1988-ൽ പണിത കമ്യൂണിറ്റിഹാളിന് താഴ്ഭാഗത്തുള്ളതാണ് കുറച്ച് കടമുറികൾ ബാക്കിയുള്ളവയ്ക്ക് അതിലും പഴക്കമുണ്ട്. കമ്യൂണിറ്റിഹാളും പഴയ കെട്ടിടങ്ങളും പൊളിച്ചുമാറ്റി ഷോപ്പിങ് കോംപ്ലക്‌സ് പണിയുവാൻ പഞ്ചായത്തായിരുന്ന കാലം മുതൽ ബജറ്റിൽ പണം വകയിരുത്തിത്തുടങ്ങിയതാണ്. ഇതുവരെ ഇതിനുള്ള പ്രാരംഭ നടപടികൾപോലും ആയിട്ടില്ല. ഇതിനുള്ളിൽ പ്രവർത്തിക്കുന്ന പന്തളം നഗരസഭയുടെ ലൈബ്രറി അടുത്തിടെ ബി.എസ്.എൻ.എൽ. എക്‌സ്‌ചേഞ്ച് കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.
pandalam
