പന്തളം–തട്ടാരമ്പലം റോഡിൽ മുടിയൂർക്കോണം ചക്കാലവട്ടത്ത് ഓടയുടെ മൂടി തകർന്നു ലോറിയുടെ പിൻചക്രം താഴ്ന്നു.
പന്തളം ∙ പുനരുദ്ധാരണ പദ്ധതി നടപ്പാക്കിയ പന്തളം–തട്ടാരമ്പലം റോഡിൽ മുടിയൂർക്കോണം ചക്കാലവട്ടത്ത് ഓടയുടെ മൂടി തകർന്നു ലോറിയുടെ പിൻചക്രം താഴ്ന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. ചക്കാലവട്ടം ജംക്‌ഷനു സമീപത്തെ വീട്ടിൽ പൂട്ടുകട്ടയുടെ ലോഡുമായെത്തിയ ലോറിയാണ് ഓടയുടെ മൂടി തകർന്നു താഴ്ന്നത്.
നവംബറിനു ശേഷം ഇത് രണ്ടാമത്തെ അപകടമാണ്. പൂളയിൽ ജംക്‌ഷനു സമീപം തീർഥാടകർ സഞ്ചരിച്ച ബസ് സമാനമായ രീതിയിൽ അപകടത്തിൽ പെട്ടിരുന്നു. ബസ് റോഡിന്റെ വശത്തേക്ക് ഒതുക്കിയപ്പോൾ മുൻ ഭാഗത്തെ ടയർ ഓടയുടെ മൂടി പൊട്ടി താഴുകയായിരുന്നു. ഇതിനു ശേഷം ഇവിടെ പുതിയ മൂടി സ്ഥാപിച്ചെങ്കിലും അതും വൈകാതെ പൊട്ടി.
2 വർഷം മുൻപാണ് പുനരുദ്ധാരണ പദ്ധതി പൂർത്തിയാക്കിയത്. ഇതിനു ശേഷം ചേരിക്കൽ റോഡിൽ നിന്നു കോൺക്രീറ്റ് വൈദ്യുതി തൂണുകളുമായെത്തിയ ലോറിയും സമാനമായ രീതിയിൽ ഓടയിൽ വീണിരുന്നു. പിന്നീട്, ഈ ഭാഗത്തെ സ്ലാബുകൾ മാറ്റി കോൺക്രീറ്റ് ചെയ്താണ് പ്രശ്നം പരിഹരിച്ചത്. 18 കിലോമീറ്റർ നീളത്തിൽ പന്തളം ജംക്‌ഷൻ–തട്ടാരമ്പലം റോഡ് പുനരുദ്ധാരണം നടത്തിയത് 120 കോടി രൂപ ചെലവഴിച്ചാണ്. കെഎസ്ടിപിയാണ് നിർമാണം നടത്തിയത്.
road-collapse
