പാചകവാതക ക്ഷാമത്തെക്കുറിച്ച് തന്നെയിരുത്തി സംസാരിച്ച ജനപ്രതിനിധികളോട് കയർത്തും ക്ഷോഭിച്ചും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി.
തൃശൂർ: പാചകവാതക ക്ഷാമത്തെക്കുറിച്ച് തന്നെയിരുത്തി സംസാരിച്ച ജനപ്രതിനിധികളോട് കയർത്തും ക്ഷോഭിച്ചും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. തൃശൂർ പൂരത്തോടനുബന്ധിച്ച എക്സിബിഷൻ ഉദ്ഘാടന വേളയിലാണ് സംഭവം.
ഞായറാഴ്ച വൈകുന്നേരം നാലിനായിരുന്നു പൂരം നഗരിയിൽ പരിപാടി. സുരേഷ് ഗോപിയായിരുന്നു ഉദ്ഘാടകൻ. സുരേഷ് ഗോപിയുടെ പ്രസംഗത്തിന് ശേഷം ആശംസ പ്രസംഗങ്ങളിൽ ജനപ്രതിനിധികൾ എല്ലാവരും പാചകവാതക ക്ഷാമം മൂലമുള്ള ബുദ്ധിമുട്ടുകൾ പറഞ്ഞുതുടങ്ങി. ഗ്യാസ് ലഭ്യമല്ലാത്തതിനാൽ ക്ഷേത്രങ്ങളിലെയും മറ്റു ആരാധനാലയങ്ങളിലെയും അന്നദാനം അടക്കം മുടങ്ങുന്ന അവസ്ഥയാണെന്ന് അവർ പറഞ്ഞു.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഡെപ്യൂട്ടി മേയർ പ്രസാദ്, കൗൺസിലർമാർ അടക്കമുള്ളവർ സമാനവിഷയത്തിലൂന്നിയാണ് സംസാരിച്ചത്. ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നതും ജനങ്ങൾ പ്രയാസപ്പെടുന്നതും അടക്കമുള്ള കാര്യങ്ങൾ ജനപ്രതിനിധികൾ സൂചിപ്പിച്ചു. എന്നാൽ, ഇതിനോട് തന്റെ പതിവ് രീതിയിൽ അസഹിഷ്ണുതയോടെയാണ് സുരേഷ് ഗോപി മറുപടി പറഞ്ഞത്. വേദിയിൽ വിഷയം ഉന്നയിച്ച ഓരോരുത്തരോടും കേന്ദ്രസഹമന്ത്രി തന്റെ എതിർപ്പ് പ്രകടമാക്കി.
ഇതിനിടെ യുദ്ധം ഒഴിവാക്കി പാചകവാതകം എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും സുരേഷ് ഗോപിജിയുടെ നേതൃത്വത്തിൽ കൈക്കൊള്ളുന്നുണ്ടെന്ന ആശ്വാസവാക്കുമായി ബി.ജെ.പി കൗൺസിലർമാരും വേദിയിലെത്തി.
പൂരം എക്സിബിഷൻ ഉദ്ഘാടനവേദിയിൽ ഗ്യാസ് ക്ഷാമം സംബന്ധച്ച് സംസാരിച്ചത് അനുചിതമാണെന്നായിരുന്നു ബി.ജെ.പിയുടെയും സുരേഷ് ഗോപിയുടെയും വാദം. അതേസമയം, സുരേഷ് ഗോപി ഇടപെട്ട് പൂരം പ്രദർശന നഗരിയിലേക്ക് ദിവസം 10 സിലിണ്ടർ വെച്ച് ലഭ്യമാക്കിയിട്ടുണ്ടെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് അറിയിച്ചു. തങ്ങൾ അപേക്ഷ നൽകിയതിന് പിന്നാലെ സുരേഷ് ഗോപി ഇന്ധന വിതരണ കമ്പനികളുമായി ബന്ധപ്പെട്ടതായും രാജേഷ് അറിയിച്ചു. ശാന്തിഘട്ട് ശ്മശാനത്തിലേക്ക് 10 സിലിണ്ടറും പാറമേക്കാവ് പ്രതിഷ്ഠാ ദിനത്തിന് 40 സിലിണ്ടറും അനുവദിച്ചതായി സെക്രട്ടറി പറയുന്നു.
suresh-gopi-angry-and-frustrated-with-the-peoples-representatives

