ടച്ചിങ് വെട്ടിന്റെ പേരിൽ വെട്ടിനിരത്തൽ
തിരുവല്ല ∙ ടച്ചിങ് വെട്ടിന്റെ പേരിൽ കെഎസ്ഇബി കരാറുകാർ വ്യാപകമായി മരം മുറിച്ചു മാറ്റുകയും മരങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നതായി പരാതി. കവിയൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആണു പരാതി ഉയർന്നിരിക്കുന്നത്. തേക്ക്, മഹാഗണി, ആഞ്ഞിലി, പ്ലാവ് എന്നീ മരങ്ങളും കായ്ഫലമുള്ള തെങ്ങും മുറിച്ചുമാറ്റി. കവിയൂർ, ഞാലിക്കണ്ടം, പെരുമ്പെട്ടി ഭാഗങ്ങളിൽ ഇത്തരത്തിൽ വ്യാപകമായി മരങ്ങൾ മുറിച്ചു മാറ്റിയിട്ടുണ്ട്. ക്രെയിൻ എത്തിച്ചാണ് ഉയർന്ന മരങ്ങൾ മുറിക്കുന്നത്. ഒരുതരത്തിലുമുള്ള മുന്നറിയിപ്പും നൽകാതെയാണു മരങ്ങൾ വെട്ടിമാറ്റുന്നതെന്നും നാട്ടുകാർ പരാതിപ്പെടുന്നു. അരനൂറ്റാണ്ടായി പൂർവികർ നട്ടുവളർത്തുകയും തങ്ങൾ പരിപാലിക്കുകയും ചെയ്ത മരങ്ങൾ നോട്ടിസോ, മാനുഷിക പരിഗണനയോ പോലും നൽകാതെയാണു മുറിച്ചുമാറ്റുന്നത്.
കെഎസ്ഇബി കരാർ നൽകിയവരാണ് ഇവ മുറിക്കുന്നത്. നിശ്ചിത അളവിൽ മരം മുറിക്കാത്തതിനാൽ ഫർണിച്ചറുകൾക്കോ, ഉരുപ്പടികൾക്കോ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്. ഇവയെല്ലാം പാഴ്ത്തടികളായിട്ടാണു കച്ചവടം നടക്കുന്നത്. പലതിനും പാഴ്ത്തടിയുടെ വില പോലും കിട്ടുകയുമില്ല. മരം വെട്ടാൻ ഏറ്റെടുത്തിരിക്കുന്ന കെഎസ്ഇബി കരാറുകാരും തടിക്കച്ചവടക്കാരും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രവർത്തനം നടക്കുന്നതെന്നും പരാതിയുണ്ട്.
11 കെവി ലൈനിൽ നിന്നു 2.6 മീറ്റർ അകലത്തിലുള്ള മരങ്ങൾ വരെ മുറിച്ചു മാറ്റാൻ അധികാരമുണ്ടെന്നാണു കെഎസ്ഇബി പറയുന്നത്. എന്നാൽ 10 മീറ്റർ ദൂരത്തുള്ളവ പോലും മുറിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മല്ലപ്പള്ളി മേഖലയിൽ ഇത്തരത്തിൽ വ്യാപകമായി മരങ്ങൾ മുറിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധ സമരങ്ങളും അരങ്ങേറി, അതതു പ്രദേശത്തെ പഞ്ചായത്ത്, റവന്യു അധികാരികളെ അറിയിക്കാതെയാണു കെഎസ്ഇബിയുടെ ഈ നടപടിയെന്ന് ജന പ്രതിനിധികളും ആരോപിക്കുന്നു.
പ്രവാസിയുടെ പുരയിടത്തിലെ കായ്ഫലമുള്ള മുന്തിയ ഇനം തെങ്ങുകൾ കെഎസ്ഇബി വെട്ടി മാറ്റിയതായി പരാതി. യുകെയിൽ ഡോക്ടറായ കിഴക്കനേത്ത് ഡോ.ജേക്കബ് ഉമ്മനാണു കലക്ടർക്ക് പരാതി നൽകിയത്. കെഎൻഎം ഹൈസ്കൂളിന് എതിർ വശത്തുള്ള പുരയിടത്തിലെ തെങ്ങുകളാണു കഴിഞ്ഞ ദിവസം വെട്ടികളഞ്ഞത്. വൈദ്യുതി ലൈനിനു തടസ്സമാകില്ലെന്നും ഉയരം വയ്ക്കാത്ത തെങ്ങുകളായിരുന്നു ഇതെന്നും പരാതിയിൽ പറയുന്നു. ഡോ.ജേക്കബും കുടുംബവും വിദേശത്തായതിനാൽ പുരയിടം ഒരാളെ നോക്കാൻ എൽപ്പിച്ചിരിക്കുകയാണ്. ഇവരെ ആരെയും അറിയിക്കാതെയായിരുന്നു ഇവ മുറിച്ചത്. ഡോക്ടറുടെ ടെലിഫോൺ നമ്പറും ഇ മെയിൽ വിലാസവും വീടിനോടു ചേർന്ന് രേഖപ്പെടുത്തിട്ടുമുണ്ട്. കെഎസ്ഇബി ബിൽ തുക പോലും മുൻകൂട്ടിയാണ് അടയ്ക്കുന്നത്. ഇതിനായി പലപ്പോഴും ഫോണിലൂടെയും മറ്റും ബന്ധപ്പെടാറുമുണ്ട്. എന്നാൽ ഇക്കാര്യം അറിയിച്ചിരുന്നില്ല. ദൂരപരിധിയിൽ വരാത്തതായ മരങ്ങളും കെഎസ്ഇബി മുറിച്ചുമാറ്റിയതായി പരാതിയിൽ പറയുന്നു.
/kseb-unauthorized-tree-felling-tiruvalla
