ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രിയെ സംരക്ഷിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രിയെ സംരക്ഷിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.കേസിൽ ഉൾപ്പെട്ട ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു
ദില്ലി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉൾപ്പെട്ട ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേസിൽ അറസ്റ്റിലായ തന്ത്രിയെ സംരക്ഷിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം, തന്ത്രിയെ ജയിലിട്ടപ്പോൾ മന്ത്രി വീട്ടിലിരിക്കുന്നുവെന്നും വിമർശിച്ചു. ആചാരലംഘനം കുറ്റമാണെങ്കിൽ ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായിയാണെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ശങ്കര്‍ ദാസിനെ സംരക്ഷിക്കാനുള്ള ശ്രമം കോടതി പൊളിച്ചെന്നും, മന്ത്രിമാര്‍ നിഷ്ക്കളങ്കരാണെന്ന് വാദിക്കുന്ന മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് തയ്യാറാകുമോയെന്നും രാജീവ് ചന്ദ്രശേഖര്‍ ദില്ലിയില്‍ ചോദിച്ചു. സോണിയ ഗാന്ധിയുടെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ഫോട്ടോയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസ് വിബി ജി റാംജി സമരം നടത്തുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി സോണിയയുടെ വോട്ടർ ആണോ. പിന്നെ എന്തിനാണ് ഉണ്ണികൃഷ്ണൻ പോറ്റി സോണിയയെ കണ്ടതെന്നതിന് കോൺഗ്രസ് നേതൃത്വം മറുപടി നൽകണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.
കോൺഗ്രസ് നാണമില്ലാത്ത പാർട്ടിയാണെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. 2014 ലും 2019 ലും 2024 ലും കോൺഗ്രസ് പ്രചരിപ്പിച്ച നുണകൾ ബി ജെ പി പൊളിച്ചാണ് ബി ജെ പി അധികാരത്തിലേറിയത്. ഇപ്പോൾ വിബി ജി റാംജി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുമെന്ന പ്രചാരണവും രാജ്യത്ത് പൊളിയുകയാണ്. തൊഴിലുറപ്പ് പദ്ധതിക്കായി യു പി എ കാലത്ത് നൽകിയത് 2.35 ലക്ഷം കോടി മാത്രമാണ്. മോദി സർക്കാർ പത്ത് വർഷം കൊണ്ട് 7.83 ലക്ഷം കോടി നൽകി. തൊഴിൽ ദിനങ്ങളുടെ കാര്യത്തിൽ യു പി എ നൽകിയത് 100 ആയിരുന്നെങ്കിൽ മോദി സർക്കാർ നൽകുന്നത് 125 ദിനങ്ങളാണെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. ബി ജെ പിക്കെതിരെ സി പി എമ്മും കോൺഗ്രസും നുണ പ്രചരിപ്പിക്കുകയാണ്. കേന്ദ്രസഹായം കിട്ടുന്നില്ലെന്ന സി പി എം അജണ്ട പൊളിഞ്ഞെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. പണം തൊഴിലാളികളുടെ അക്കൗണ്ടുകളിൽ നേരിട്ടെത്തുന്നാണ് മോദി സർക്കാരിന്‍റെ പദ്ധതി. അതുകൊണ്ട് തന്നെ ഈ പദ്ധതിയെ അട്ടിമറിക്കാൻ ഇനി ആർക്കും കഴിയില്ല. നേരത്തെ 14% കാർഡുകൾ വ്യാജമായിരുന്നു. കേരളത്തിൽ 1000 കോടിയുടെ വ്യാജ പ്രോജക്റ്റുകൾ കണ്ടെത്തി. ജിയോ ടാഗിംഗ് അടക്കം ഏർപ്പെടുത്തുമ്പോൾ ഇനി തട്ടിപ്പ് നടക്കില്ല. പാവങ്ങളുടെ പേരിൽ പദ്ധതികളുണ്ടാക്കി പണം കീശയിലാക്കുന്ന പരിപാടി നടക്കില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു
rajeev-chandrasekhar-demands-justice-in-sabarimala-gold-theft-case
